ന്യൂഡല്‍ഹി: രാഹുല്‍ ഗാന്ധിയുടെ വോട്ട് ചോരി ആരോപണത്തില്‍ പ്രത്യാക്രമണവുമായി തിരഞ്ഞെടുപ്പ് കമ്മീഷന്‍ രംഗത്ത്. വോട്ടര്‍ പട്ടികയില്‍ വന്‍തോതില്‍ ക്രമക്കേട് പരസ്യമായി ആരോപിച്ച രാഹുലിന് നോട്ടീസ് അയച്ചിരിക്കുകയാണ് കര്‍ണാടക തിരഞ്ഞെടുപ്പ് കമ്മീഷന്‍. ആരോപണം ഉന്നയിക്കുന്നതിനൊപ്പം രാഹുല്‍ പത്രസമ്മേളനത്തില്‍ പരസ്യമായി കാണിച്ചത് തിരഞ്ഞെടുപ്പ് കമ്മീഷന്റെ രേഖയല്ലെന്നാണ് കമ്മീഷന്‍ പറയുന്നത്. ഇക്കാരണത്താലാണ് നോട്ടീസ് അയച്ചിരിക്കുന്നത്. പോളിങ് ഓഫീസര്‍ നല്‍കിയ രേഖ പ്രകാരം ശകുന്‍ റാണി എന്ന വ്യക്തി രണ്ടു തവണ വോട്ട് ചെയ്തിട്ടുണ്ടെന്ന് രാഹുല്‍ ആരോപിച്ചിരുന്നു.
എന്നാല്‍ കമ്മീഷന്‍ നടത്തിയ അന്വേഷണത്തില്‍ ഈ സ്ത്രീ ഒരു പ്രാവശ്യം മാത്രമേ വോട്ടു ചെയ്തിട്ടുള്ളൂവെന്നു കണ്ടെത്തിയിട്ടുണ്ട് എന്നാണ് നോട്ടീസില്‍ പറയുന്നത്. രണ്ടു തവണ വോട്ട് ചെയ്തു എന്നു പറയുന്നതിന് തെളിവെന്താണെന്നു രാഹുല്‍ വ്യക്തമാക്കണമെന്നാണ് നോട്ടീസിലെ ആവശ്യം. രാഹുല്‍ ഗാന്ധിയുടെ ആരോപണങ്ങള്‍ രാജ്യമെമ്പാടും വന്‍തോതില്‍ ചര്‍ച്ചയായിരിക്കെയാണ് തിരികെ നോട്ടീസ് അയച്ചുള്ള തിരഞ്ഞെടുപ്പ് കമ്മീഷന്റെ നീക്കം.
തിരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രതിരോധത്തിന്, രാഹുലിനു നോട്ടീസ്
