കുട്ടിക്ക് ലഹരി, അമ്മൂമ്മയുടെ കാമുകന്‍ പിടിയില്‍

കൊച്ചി: അമ്മൂമ്മയുടെ കാമുകന്‍ പതിനാലു വയസുള്ള ബാലനെ ലഹരിക്കടിമയാക്കിയ കേസില്‍ പ്രതി അറസ്റ്റില്‍. കാമുകിയായ അമ്മൂമ്മയുടെ കൊച്ചുമകനാണ് ബാലന്‍. തിരുവനന്തപുരം സ്വദേശി പ്രബിന്‍ അലക്‌സാണ്ടറാണ് കൊച്ചി നോര്‍ത്ത് പോലീസിന്റെ പിടിയിലായത്. ബാലന്റെ അമ്മയും അമ്മൂമ്മയും വീട്ടുപണി ചെയ്തു ജീവിക്കുന്നവരാണ്. ഇതിനിടെയാണ് അമ്മൂമ്മ പ്രബിനുമായി പ്രണയത്തിലാകുന്നത്.
ഇതോടെ പ്രബിന്‍ ഇവരുടെ വീട്ടില്‍ സ്ഥിരതാമസമാക്കുകയായിരുന്നു. ലഹരിമരുന്നുകള്‍ക്ക് അടിമയായ പ്രബിന്‍ കഴുത്തില്‍ കത്തിവച്ച് ഭീഷണിപ്പെടുത്തി കുട്ടിയെക്കൊണ്ട് തുടക്കത്തില്‍ കഞ്ചാവ് ഉപയോഗിപ്പിക്കുകയായിരുന്നു. പിന്നീട് കുട്ടി ലഹരിമരുന്നിന് അടിമയായി മാറി. ഇതോടെ കുട്ടിയുടെ സ്വഭാവത്തില്‍ വന്ന മാറ്റം വീട്ടുകാരും അധ്യാപകരും ശ്രദ്ധിക്കുന്നുണ്ടായിരുന്നു. ഒരിക്കല്‍ തന്റെയൊരു സുഹൃത്തിനോട് കുട്ടി ലഹരിയുടെ ഉപയോഗത്തിന്റെ കാര്യം പറയുകയും ആ ബാലന്‍ മുഖേന അവന്റെ അമ്മ അറിയുകയുമായിരുന്നു. അവരില്‍ നിന്നാണ് കുട്ടിയുടെ അമ്മ കാര്യങ്ങള്‍ മനസിലാക്കുന്നത്. ഇതോടെ അമ്മയും ബാലനും പോലീസില്‍ പരാതി സമര്‍പ്പിക്കുകയായിരുന്നു. ലഹരി വിമുക്ത ചികിത്സയ്ക്ക് വിധേയനായ കുട്ടി ഇപ്പോള്‍ സാധാരണ നിലയിലേക്കെത്തുകയാണ്. കുട്ടിയെ ലഹരി കടത്തിന് ഉപയോഗിക്കുകയായിരുന്നു പ്രതിയുടെ ഉദ്ദേശ്യമെന്നു സംശയിക്കുന്നു.