തൃശൂര്‍: തൃശൂരിലെ ലോക്സഭാംഗം സുരേഷ് ഗോപിയെ കാണാനില്ലെന്നു പോലീസില്‍ പരാതിയുമായി കെഎസ്യു. തൃശൂര്‍ എംപിയും കേന്ദ്രമന്ത്രിയും സിനിമ നടനുമായ സുരേഷ് ഗോപിയെ ഛത്തീസ്ഗഡില്‍ കന്യാസ്ത്രീകള്‍ അറസ്റ്റിലായതിനു ശേഷം കാണാനില്ലെന്നാണ് കെഎസ്യു തൃശൂര്‍ ജില്ലാ പ്രസിഡന്റ് ഗോകുല്‍ ഗുരുവായൂര്‍ തൃശൂര്‍ ഈസ്റ്റ് പോലീസ് സ്റ്റേഷനില്‍ നല്കിയ പരാതിയില്‍ പറയുന്നത്. സുരേഷ് ഗോപിയുടെ തിരോധാനത്തിനു പിന്നില്‍ ആരാണെന്നു കണ്ടെത്തണമെന്നും അദ്ദേഹം നിലവില്‍ എവിടെയാണെന്ന് അന്വേഷണം നടത്തണമെന്നുമാണ് പരാതിയിലെ ആവശ്യം. ഇമെയിലായാണ് പരാതി അയച്ചിരിക്കുന്നത്.
പരിഹാസരൂപേണയാണെങ്കിലും ഇതേ ആവശ്യം ഓര്‍ത്തഡോക്സ് സഭയുടെ തൃശൂര്‍ ഭദ്രാസന മെത്രാപ്പോലീത്തയും കഴിഞ്ഞ ദിവസം ഫേസ്ബുക്ക് മുഖേന ഉന്നയിക്കുകയുണ്ടായി. ‘ഞങ്ങള്‍ തൃശൂരുകാര് തിരഞ്ഞെടുത്ത് ഡല്‍ഹിയിലേക്കയച്ച ഒരു നടനെ കാണാനില്ല. പോലീസില്‍ അറിയിക്കണോ എന്നാശങ്ക’ എന്നായിരുന്നു മെത്രാപ്പോലീത്തയുടെ ഫേസ്ബുക്കിലെ ട്രോള്‍. കന്യാസ്ത്രീകളുടെ അറസ്റ്റില്‍ സുരേഷ് ഗോപിക്കും ബിജെപിക്കുമെതിരേ വ്യാപക വിമര്‍ശനമാണ് ഉയര്‍ന്നിരുന്നത്. ഈ വിഷയത്തില്‍ സുരേഷ് ഗോപി പ്രതികരണത്തിനൊന്നും മുതിരാതിരുന്നതാണ് ഇതിനൊപ്പം സംസ്ഥാനം മുഴുവന്‍ ചര്‍ച്ചയായതും. ഇതിന്റെ തുടര്‍ച്ചയാണ് ഇപ്പോള്‍ പോലീസില്‍ നല്‍കിയിരിക്കുന്ന പരാതിയും മെത്രാപ്പോലീത്തയുടെ ഫേസ്ബുക്ക് പോസ്റ്റും.
സുരേഷ് ഗോപിയെ കാണാനില്ലെന്നു പോലീസില്‍ പരാതി
