സീറ്റിനു വൃത്തി പോരാ, ഇന്‍ഡിഗോയ്ക്കു പിഴ

ന്യൂഡല്‍ഹി: വിമാനത്തിലെ സീറ്റ് വേണ്ടത്ര വൃത്തിയുള്ളതാക്കാത്തത് ഇന്‍ഡിഗോയുടെ തെറ്റ്. എന്നാല്‍ ചെറുതെന്ന് അവര്‍ക്കു തോന്നാവുന്ന തെറ്റിന് ഇത്ര വലിയ ശിക്ഷ വേണ്ടിയിരുന്നോ എന്നായിരിക്കും ഇപ്പോഴവരുടെ ചിന്ത. മോശം സേവനമെന്ന ഗണത്തില്‍ സീറ്റിന്റെ വൃത്തിക്കുറവ് കണക്കാക്കി ഒന്നര ലക്ഷം രൂപ യാത്രക്കാരിക്ക് നഷ്ടപരിഹാരമായി വിധിച്ചിരിക്കുകയാണ് ഡല്‍ഹി ഉപഭോക്തൃകോടതി.
വിമാനത്തില്‍ തനിക്ക് വൃത്തിയില്ലാത്തതും അഴുക്കുപിടിച്ചതും നിറം മങ്ങിയതുമായ സീറ്റാണ് നല്‍കിയതെന്ന പരാതിയുമായി പിങ്കി എന്ന യുവതിയാണ് പരാതിയുമായി ഫോറത്തിലെത്തിയത്. ജനുവരി രണ്ടിന് അസര്‍ബൈജാനിലെ ബകുവില്‍ നിന്ന് ന്യൂഡല്‍ഹിയിലേക്കായിരുന്നു ഇന്‍ഡിഗോ വിമാനത്തില്‍ യുവതി യാത്ര ചെയ്തത്. സീറ്റിന്റെ അവസ്ഥ വളരെ മോശമാണെന്ന് വിമാനത്തില്‍ കയറിയുടന്‍ കാബിന്‍ ക്രൂവിന്റെ ശ്രദ്ധയില്‍ പെടുത്തിയതായി യുവതി പറയുന്നു. എന്നാല്‍ അവര്‍ വേണ്ടത്ര പ്രാധാന്യം തന്റെ പരാതിക്കു നല്‍കിയില്ലെന്നാണ് പങ്കി ഉപഭോക്തൃകോടതിയില്‍ ബോധിപ്പിച്ചത്.
യാത്രക്കാരിക്കു നേരിട്ട അസൗകര്യത്തില്‍ ഇന്‍ഡിഗോ കമ്പനി കോടതിയില്‍ ഖേദം പ്രകടിപ്പിക്കുകയുണ്ടായി. പകരം സീറ്റ് നല്‍കിയാണ് യാത്രക്കാരിയെ ന്യൂഡല്‍ഹി വരെയെത്തിച്ചതെന്നും കമ്പനി അറിയിച്ചു. എന്നാല്‍ ഇക്കാര്യത്തില്‍ ഇന്‍ഡോഗോയ്ക്കു തെറ്റുപറ്റിയെന്ന നലപാടിലാണ് കോടതി എത്തിച്ചേര്‍ന്നത്. അതേ തുടര്‍ന്നാണ് ഒന്നരലക്ഷം രൂപ പിഴയടയ്ക്കാന്‍ വിധിക്കുന്നത്.