ഐസിഐസിഐ ബാങ്ക് കഴുത്തറപ്പന്‍ പിഴയിലേക്ക്

ന്യൂഡല്‍ഹി: നഗര മേഖലയിലെ അക്കൗണ്ട് ഉടമകളെയെല്ലാം അക്ഷരാര്‍ഥത്തില്‍ ഞെട്ടിച്ചുകൊണ്ട് ഐസിഐസിഐ ബാങ്കിന്റെ കടുംകൈ. അക്കൗണ്ട് പരിപാലിക്കണമെങ്കില്‍ ആ അക്കൗണ്ടില്‍ സൂക്ഷിക്കേണ്ട മിനിമം ബാലന്‍സ് കുത്തനെ കൂട്ടിയിരിക്കുകയാണ് സ്വകാര്യ ബാങ്കുകള്‍ക്കിടയില്‍ രാജ്യത്തു രണ്ടാം സ്ഥാനത്തു വരുന്ന ഐസിഐസിഐ ബാങ്ക്. ഇനി മുതല്‍ ബാങ്കിലെ അക്കൗണ്ടില്‍ ഓരോ അക്കൗണ്ട് ഉടമയും അമ്പതിനായിരം രൂപ മിനിം ബാലന്‍സായി സൂക്ഷിക്കണം. ഈ മാസം ആരംഭിക്കുന്ന സേവിംഗ്‌സ് അക്കൗണ്ടുകള്‍ക്കു മുതലാണ് ഈ നിബന്ധന നിലവില്‍ വരുന്നത്.
മെട്രോ, അര്‍ബന്‍ മേഖലയിലെ അക്കൗണ്ടുകള്‍ക്ക് നേരത്തെ പതിനായിരം രൂപയായിരുന്നു മിനിമം ബാലന്‍സ്. ഇതാണ് ഇപ്പോള്‍ അഞ്ചിരട്ടിയാക്കി വര്‍ധിപ്പിച്ചിരിക്കുന്നത്. കേരളം പോലെയൊരു സംസ്ഥാനത്ത് മെട്രോ, അര്‍ബന്‍ മേഖലകള്‍ ഇതര സംസ്ഥാനങ്ങളെക്കാള്‍ വളരെയധികമാണ്. സെമി അര്‍ബന്‍ മേഖലകളില്‍ നേരത്തെ അയ്യായിരം രൂപ മിനിമം ബാലന്‍സ് ആയിരുന്നത് ഇപ്പോള്‍ ഇരുപത്തയ്യായിരം രൂപയായി ഇതിനൊപ്പം ഉയര്‍ത്തിയിട്ടുണ്ട്. ഗ്രാമീണ മേഖലയിലെ അക്കൗണ്ടുകള്‍ക്ക് നേരത്തെ രണ്ടായിരം രൂപ മിനിമം ബാലന്‍സ് ആയിരുന്നത് പതിനായിരം രൂപയായും വര്‍ധിപ്പിച്ചിട്ടുണ്ട്. അതായത് ഏതിനം ശാഖയിലെയായാലും അക്കൗണ്ടുകള്‍ക്ക് മിനിമം ബാലന്‍സ് അഞ്ചുമടങ്ങായി വര്‍ധിപ്പിച്ചിരിക്കുന്നു.
ബാങ്ക് നിശ്ചയിക്കുന്ന തുകയ്ക്കു താഴേക്ക് മിനിമം ബാലന്‍സ് എത്തിയാല്‍ പിഴ ഒടുക്കേണ്ടതായി വരും. കുറവുള്ള തുകയുടെ ആറ് ശതമാനമോ അഞ്ഞുറു രൂപയോ ഏതാണോ കൂടുതല്‍ ആ തുകയായിരിക്കും പിഴയായി ഈടാക്കുക. അടുത്ത തവണ അക്കൗണ്ടില്‍ പണമെത്തുമ്പോള്‍ ഓട്ടോ ഡെബിറ്റായി ഈ തുക ബാങ്ക് കിഴിവു ചെയ്യുകയായിരിക്കും. ചെയ്യുക. മറ്റു ബാങ്കുകള്‍ ഇതേ മാതൃക പിന്തുടരുമോ എന്ന ആശങ്കയിലാണ് അക്കൗണ്ട് ഉടമകള്‍.