സിഡ്‌നി: ചിങ്ങം പിറക്കുന്നതിനു മുമ്പേ ആളും അരങ്ങും ആര്‍പ്പുവിളികളുമായി ഗംഭീര ഒണാഘോഷം, അതും നഗരത്തിലെ തുറസായ സ്ഥലത്ത് ഓപ്പണ്‍ എയറില്‍. സിഡ്‌നിക്ക് ഇങ്ങനെയൊരു ഓപ്പണ്‍ എയര്‍ സാംസ്‌കാരിക മഹോത്സവം ആദ്യത്തെ അനുഭവമായി. നാടിനാകെയും മലയാളികള്‍ക്കു പ്രത്യേകിച്ചും ഇത്തരം വേറിട്ട ഓണാനുഭവം സമ്മാനിച്ചതിന്റെ ചാരിതാര്‍ഥ്യം സിഡ്‌നി നവോദയയ്ക്ക്.
പരമാറ്റ ടൗണ്‍ ഹാളിനു പുറമെ പരമാറ്റ സ്‌ക്വയറില്‍ കൂടിയായിരുന്നു നവോദയയുടെ വേറിട്ട ഓണാഘോഷം. കാലാവസ്ഥ നേരിയ ഭാവവ്യത്യാസങ്ങള്‍ കാണിച്ചുവെങ്കില്‍ കൂടി ആഘോഷത്തിന്റെ ഉത്സവത്തിമിര്‍പ്പിനെ അതൊന്നും സ്പര്‍ശിച്ചതേയില്ല. കലാപരിപാടികളും ഒന്നിനൊന്നു മികവു പുലര്‍ത്തി.

ലക്ഷ്മി സരസ്വതി സ്‌കൂള്‍ ഓഫ് ഡാന്‍സിന്റെ നടന വിസ്മയം കാണികളെ കീഴടക്കി. ഓസ്ഇന്‍ഡ് റിഥം എത്തിയത് വാദ്യമേളവുമായി. കലാപരിപാടികള്‍ക്കു പുറമെ പുലികളിയും ഓണസദ്യയുമൊക്കെ ചേര്‍ന്നപ്പോള്‍ തിരുവോണത്തിന്റെ കേളികൊട്ടായി നവോദയയുടെ ഓണാഘോഷം മാറി. വിവിധ സാംസ്‌കാരിക ധാരകളുടെ സംയോജനമായി ഓണാഘോഷം നടത്തിയതു കൊണ്ട് വണ്‍ഓണമെന്നാണ് പേരു നല്‍കിയതെന്ന് നവോദയ പ്രസിഡന്റ് കിരണ്‍ ജയിംസ് പറഞ്ഞു.