ന്യൂഡല്‍ഹി: ഇന്ത്യയില്‍ പോലും ഇന്ത്യന്‍ വസ്ത്രങ്ങള്‍ക്ക് അയിത്തമെന്നു വന്നാലെന്തു ചെയ്യുമെന്ന ചോദ്യമുയര്‍ത്തി ഡല്‍ഹിയിലെ ഭക്ഷണശാലയില്‍ ഇന്ത്യന്‍ വസ്ത്രം ധരിച്ചെത്തിയ ദമ്പതിമാര്‍ക്ക് പ്രവേശനം നിഷേധിക്കപ്പെട്ടു. ഡല്‍ഹിയിലെ പീതംപുരയിലുള്ള റെസ്റ്റോറന്റിലാണ് സംഭവം. ഇതിന്റെ ദൃശ്യങ്ങള്‍ സാമൂഹ്യമാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്.
റെസ്‌റ്റോറന്റ് മാനേജര്‍ തങ്ങളോടു മോശമായി പെരുമാറിയെന്ന് ദമ്പതികള്‍ ആരോപിക്കുന്നു. വീഡിയോ വ്യാപകമായി പ്രചരിച്ചതോടെ ഡല്‍ഹി കാബിനറ്റ് മന്ത്രി കപില്‍ മിശ്ര വിഷയത്തില്‍ ഇടപെടുകയും മുഖ്യമന്ത്രി രേണു മിശ്രയുടെ ശ്രദ്ധയില്‍ ഈ വിവരമെത്തിക്കുകയും ചെയ്തു. സംഭവത്തെക്കുറിച്ച് ഉടന്‍ അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ മുഖ്യമന്ത്രി ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി. ഉപഭോക്താക്കള്‍ക്ക് ഇനി വസ്ത്രത്തിന്റെ പേരില്‍ യാതൊരു നിയന്ത്രണവും ഏര്‍പ്പെടുത്തില്ലെന്നു പിന്നീട് റെസ്റ്റോറന്റ് ഉടമകള്‍ സമ്മതിച്ചതായി മിശ്ര തന്റെ രണ്ടാമത്തെ എക്‌സ് പോസ്റ്റില്‍ അറിയിച്ചു. അതേസമയം ദമ്പതികള്‍ ടേബിള്‍ ബുക്ക് ചെയ്തിരുന്നില്ലെന്നും അതിനാലാണ് പ്രവേശനം നിഷേധിച്ചതെന്നും റെസ്റ്റോറന്റ് ഉടമ നീരജ് അഗര്‍വാള്‍ ന്യായീകരിച്ചു.
ഡല്‍ഹിയില്‍ ഇന്ത്യന്‍ വസ്ത്രത്തിന് അയിത്തം
