മെല്‍ബണ്‍: മെല്‍ബണില്‍ നവനാസികള്‍ പരസ്യമായി തെരുവിലിറങ്ങുന്നു, വംശീയമായ മുദ്രാവാക്യങ്ങളുടെ അകമ്പടിയോടെ കറുത്ത വസ്ത്രങ്ങള്‍ ധരിച്ച് പ്രകടനം നടത്തുന്നു, പ്രകടനക്കാരെ തടയാന്‍ പോലീസ് യാതൊന്നും ചെയ്യുന്നില്ല. ഏറെ ആശങ്കയുണര്‍ത്തുന്ന ഈ കാഴ്ച സമാധാനപൂര്‍ണമായ സാമൂഹ്യാന്തരീക്ഷത്തിനു വിഘാതമായിതീരുമെന്നു വിലയിരുത്തപ്പെടുന്നു. ബൂര്‍ക്ക് സ്ട്രീറ്റാണ് ഈ പ്രകടനത്തിനു വേദിയായി മാറിയത്.
നാഷണല്‍ സോഷ്യല്‍ നെറ്റ്വര്‍ക്ക് എന്ന സംഘടനയുടെ നൂറോളം പ്രവര്‍ത്തകരാണ് വെള്ളക്കാരേ ചെറുത്തു നില്ക്കുക എന്ന വലിയ ബോര്‍ഡ് വഹിച്ചുകൊണ്ട് പ്രകടനമായി നീങ്ങിയത്. എല്ലാവരുടെയും വേഷം കറുത്ത വസ്ത്രങ്ങള്‍. മിക്കവരും മുഖം മാസ്ക് ഉപയോഗിച്ച് മറയ്ക്കുകയും ചെയ്തിരുന്നു. പ്രകടനം മുന്നോട്ടു നീങ്ങവേ ഫ്ളാഷ് ലൈറ്റുകള്‍ മിന്നിച്ച് പോലീസ് വാഹനങ്ങള്‍ എത്തിയെങ്കിലും അവര്‍ ഇടപെടാന്‍ തയാറായില്ല. ഓസ്ട്രേലിയന്‍ പതാകയും വഹിച്ചുള്ള പ്രകടനം മുന്നോട്ടു നീങ്ങാന്‍ അനുവദിക്കുകയായിരുന്നു.
ഫ്ളാഗ്സ്റ്റാഫ് സ്റ്റേഡിയം വരെയെത്തിയ ശേഷം അവിടം കൊണ്ടു പ്രകടനം അവസാനിപ്പിച്ച് ഓരോരുത്തരായി പിരിഞ്ഞു പോകുകയായിരുന്നു. ഇവരുടെ കടുത്ത നിലപാടിനെതിരേ വെള്ളക്കാരന് തന്നെയായൊരാള് പ്രകടനക്കാരോടു തര്‍ക്കിക്കുന്നതു കാണാമായിരുന്നു. എന്നാല്‍ അയാളെ ശാരീരികമായി ആക്രമിക്കാന്‍ പോലും പ്രകടനക്കാര്‍ തയ്യാറായി. സാരമല്ലെങ്കില്‍ കൂടി പരിക്കുകളേറ്റ ഇയാളെ പിന്നീട് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതാദ്യമായല്ല നവനാസികളുടെ സംഘം മെല്‍ബണില്‍ പരസ്യമായി തെരുവിലിറങ്ങുന്നത്.
മെല്‍ബണില്‍ തെരുവിലിറങ്ങി നവനാസികള്‍
