യുഎസ് എംബസി എക്സില്‍ ഓഗസ്റ്റ് നാലിനു പ്രസിദ്ധീകരിച്ചൊരു പോസ്റ്റില്‍ അമേരിക്ക സന്ദര്‍ശിക്കുന്നവര്‍ കര്‍ശനമായും 1-94 പാലിക്കണമെന്ന് ആവശ്യപ്പെടുന്നുണ്ട്. അതായത് അമേരിക്കന്‍ യാത്രകള്‍ക്ക് ഇനി മുതല്‍ 1-94 നിര്‍ബന്ധമായും കൂടിയേ തീരൂ. എന്താണ് ഇതുകൊണ്ട് അര്‍ഥമാക്കുന്നതെന്ന് അമേരിക്കയിലേക്ക് യാത്ര ചെയ്യാന്‍ ആഗ്രഹിക്കുന്നവരൊക്കെ അറിഞ്ഞേ തീരൂ.
എന്താണ് 1-94
സ്ഥിരതാമസത്തിനല്ലാതെ അമേരിക്കയില്‍ എത്തുന്ന ഏതൊരു യാത്രക്കാരന്റെയും വരവിന്റെയും തിരിച്ചു പോക്കിന്റെയും ഔദ്യോഗിക രേഖയായി യുഎസ് കസ്റ്റംസ് ആന്‍ഡ് ബോര്‍ഡര്‍ പ്രൊട്ടക്ഷന്‍ പ്രഖ്യാപിച്ചിരിക്കുന്നത് 1-94 ആണ്. നിയമപരമായി അമേരിക്കയില്‍ പ്രവേശിക്കാന്‍ ഒരാള്‍ അര്‍ഹനാണെന്നു തെളിയിക്കുന്നത് ഈ രേഖയാണ്.
എങ്ങനെ 1-94 സമ്പാദിക്കാം
ഓണ്‍ലൈനായി അമേരിക്കന്‍ കസ്റ്റംസ് ആന്‍ഡ് ബോര്‍ഡര്‍ പ്രൊട്ടക്ഷനാണ് (സിബിപി) ഈ രേഖ ഇഷ്യു ചെയ്യുന്നത്.
വിമാനത്തിലോ കപ്പലിലോ യാത്ര ചെയ്താണ് അമേരിക്കയിലെത്തുന്നതെങ്കില് രാജ്യത്തിലേക്ക് പ്രവേശിക്കുന്ന സമയത്ത് പ്രവേശന നടപടികളുടെ

ഭാഗമായി സിബിബി ഇലക്ട്രോണിക് മാധ്യമത്തില്‍ ഈ രേഖ അനുവദിച്ചു തരും. കരമാര്‍ഗമാണ് അമേരിക്കയിലേക്കു പ്രവേശിക്കുന്നതെങ്കില്‍ രാജ്യത്തിലേക്കു പ്രവേശിക്കുന്ന സമയം ഈ രേഖയ്ക്കായി അപേക്ഷ സമര്‍പ്പിക്കാം. അല്ലെങ്കില്‍ അമേരിക്കയിലെത്തുന്നതിന് ഏഴു ദിവസം മുമ്പേ 1-94 വെബ്സൈറ്റിലൂടെ സിബിപി വണ്‍ ആപ്പിലൂടെ ഇതിനായി അപേക്ഷിക്കാം. ആറു ഡോളറായി ഇതിനുള്ള ഫീസായി നല്‍കേണ്ടത്. എന്നാല്‍ ലഭിക്കുന്നത് ഒരു താല്‍ക്കാലിക 1-94 മാത്രമായിരിക്കും. അമേരിക്കയിലേക്ക് പ്രവേശിക്കാന്‍ സാധിക്കുമെന്ന് താല്‍ക്കാലിക 1-94 ഉറപ്പു തരുന്നില്ല.
സിബിപി വണ്‍ ആപ്പ് അല്ലെങ്കില്‍ 1-94 സൈറ്റ് വഴി എന്തൊക്കെ ചെയ്യാം
-നിങ്ങളുടെ ഏറ്റവും പുതിയ 1-94 ഫോം കാണാനും അതിന്റെ പ്രിന്റ്ഔട്ട് എടുക്കാനും സാധിക്കും. ഇതിന്റെ ഡിജിറ്റല്‍ രൂപം ഫോണില്‍ സേവ് ചെയ്തു വയ്ക്കാന്‍ സാധിക്കും.
-കഴിഞ്ഞ പത്തു വര്‍ഷത്തെ അമേരിക്കയിലേക്കും പുറത്തേക്കുമുള്ള നിങ്ങളുടെ യാത്രാ ചരിത്രം അറിയാന്‍ സാധിക്കും.
-എത്ര കാലമാണ് നിയമപരമായി നിങ്ങള്‍ക്ക് അമേരിക്കയില്‍ തങ്ങാന്‍ സാധിക്കുന്നതെന്നു മനസിലാക്കാം.
അമേരിക്കയില്‍ എത്ര നാളുകളാണ് തുടര്‍ന്നു തങ്ങാവുന്നതെന്ന കാര്യം സിബിപി ഇമെയില്‍ മുഖാന്തിരം നിങ്ങളെ അറിയിച്ചുകൊണ്ടിരിക്കും. തങ്ങാവുന്ന കാലം കഴിഞ്ഞ യാത്രക്കാര്‍ക്ക് നോട്ടിഫിക്കേഷനുകള്‍ ലഭിക്കും. അമേരിക്കയില്‍ നിന്നു മടങ്ങുന്നത് വിമാനത്തിലോ കപ്പലിലോ കരയിലൂടെയോ ആണെങ്കിലും രാജ്യം വിട്ട കാര്യം രേഖപ്പെടുത്തിയിരിക്കും.
ആര്‍ക്കാണ് 1-94 ആവശ്യം
അമേരിക്കന്‍ പൗരന്മാര്, വിദേശത്തു പോയി മടങ്ങിയെത്തുന്ന റെസിഡന്റ് സ്റ്റാറ്റസുള്ള മറുനാട്ടുകാര്‍, ഇമിഗ്രന്റ് വിസയുള്ള അമേരിക്കക്കാരല്ലാത്ത പൗരന്മാര്, സന്ദര്ശകരായെത്തുന്നതോ വന്നുപോകുന്നതോ ആയ മിക്ക കാനഡക്കാര്‍ എന്നിവരൊഴികെ എല്ലാവര്ക്കും 1-94 കൂടിയേ തീരൂ.
(രണ്ടാം ഭാഗം അടുത്ത ദിവസം വായിക്കുക. തുടരും)