പുതുവ്യാധിയില്‍ സിഡ്‌നിയിലെ പുതുതലമുറയെത്തുമ്പോള്‍

സിഡ്‌നി: നിശബ്ദമായൊരു പകര്‍ച്ചവ്യാധി സിഡ്‌നിയിലെ പുതുതലമുറയെ ബാധിക്കുകയാണോ. ഈ രോഗം അതിവേഗം പടര്‍ന്നു പിടിച്ച് വാസ്‌കുലാര്‍ വാര്‍ധക്യത്തിലേക്ക് ജെന്‍ സെഡ് തലമുറയെ കൊണ്ടു പോകുന്നുവോ. എന്തായാലും എവിടെയും ഈ രോഗത്തിന്റെ തെളിവുകളാണുള്ളത്. എന്താണു രോഗമെന്നോ, ഏകാന്തത. ഓസ്‌ട്രേലിയയിലെ ഓരോ നാലിലൊരാളും ഏകാന്തതയുടെ പിടിയിലാണെന്ന് പഠനങ്ങള്‍ വ്യക്തമാക്കുന്നു. സിഡ്‌നി നിവാസികളിലാണത്രേ രോഗത്തിന്റെ വ്യാപനവും തീവ്രതയും കൂടുതലുള്ളത്.
ജെന്‍ സെഡിനെക്കുറിച്ച് പൊതുവേ പറയപ്പെടുന്നത് ഏറ്റവുമധികം കണക്ടഡായ തലമുറയെന്നാണ്. ഒന്നിനെക്കുറിച്ചും വേവലാതികളില്ലാതെ പാര്‍ട്ടികളിലും മറ്റും നിറഞ്ഞു ജീവിക്കുന്ന തലമുറയെന്ന എന്ന ധാരണ തിരുത്തേണ്ടിയിരിക്കുന്നു. ഇവരില്‍ മിക്കവരും ഏകാന്തതയുടെ പിടിയിലാണ്. ചിലര്‍ക്ക് ഏകാന്തത വര്‍ഷങ്ങളായി ഒപ്പം കൊണ്ടു നടക്കുന്ന കാര്യമാണ്. ടിക് ടോക്കും ഓണ്‍ലൈന്‍ ഫോറങ്ങളും ഈ ധാരണ ശരിയാണെന്നതിനു തെളിവു തരുന്നു. തങ്ങള്‍ക്കു സുഹൃത്തുക്കളെയുണ്ടാക്കാന്‍ സാധിക്കുന്നില്ലെന്നു തുറന്നു പറയുന്നവര്‍ ഏറെയാണ്. വാരാന്ത്യങ്ങള്‍ അപരിചതരെക്കൊണ്ടു നിറഞ്ഞ നഗരം മടുത്ത് സാമൂഹ്യ ഗ്രൂപ്പുകളിലേക്ക് ഇടിച്ചു കയറാന്‍ അവര്‍ പെടാപ്പാടു പെടുകയാണ്.
സിഡ്‌നി അത്രകണ്ട് ഏകാന്തമാണോ എന്ന ചോദ്യം ഓണ്‍ലൈന്‍ ഫോറങ്ങളില്‍ വളരെ സജീവമാണ്. യൂണിവേഴ്‌സിറ്റി ഓഫ് സിഡ്‌നി ഇക്കാര്യത്തില്‍ നടത്തിയ പഠനം വസ്തുതകള്‍ പുറത്തു കൊണ്ടുവരുന്നതാണ്. മിഷേല്‍ ലിമ്മിന്റെ നേതൃത്വത്തില്‍ നടന്ന പഠനം വ്യക്തമാക്കുന്നത് 15-25 വയസ് പ്രായഗ്രൂപ്പിലുള്ള നാല്‍പതു ശതമാനം ചെറുപ്പക്കാരും ഏകാന്തതയുടെ പിടിയിലാണ് കഴിയുന്നതെന്നാണ്.