പറക്കാല പറഞ്ഞത് ശരിയെന്നു വരുന്നുവോ

ന്യൂഡല്‍ഹി: വോട്ടര്‍ പട്ടികയിലെ തിരിമറികള്‍ സംബന്ധിച്ച് രാഹുല്‍ ഗാന്ധിയുടെ കഴിഞ്ഞ ദിവസത്തെ പത്ര സമ്മേളനത്തിനു ശേഷം ഏറ്റവുമധികം ശ്രദ്ധിക്കപ്പെടുന്ന വിമര്‍ശനങ്ങളുടെ പട്ടികയിലേക്ക് പറക്കാല പ്രഭാകരനും കടന്നു വരുന്നു. വോട്ടര്‍ പട്ടിക അനധികൃത വോട്ടര്‍മാരെക്കൊണ്ടു കുത്തി നിറച്ചതാണെന്ന് കഴിഞ്ഞ വര്‍ഷം ഓഗസ്റ്റില്‍ തന്നെ പറക്കാല പ്രഭാകരന്‍ രാജ്യത്തു പല വേദികളിലും ആരോപണം ഉന്നയിച്ചിരുന്നതാണ്. കേന്ദ്രമന്ത്രി നിര്‍മല സീതാരാമന്റെ ഭര്‍ത്താവാണ് പറക്കാല പ്രഭാകരന്‍.
മഹാരാഷ്ട്ര ആസ്ഥാനമായ സ്വതന്ത്ര സംഘടനയായ വോട്ട് ഫോര്‍ ഡെമോക്രസി ഇക്കാര്യത്തില്‍ നടത്തിയ പഠനമാണ് പറക്കാല തന്റെ ആരോപണങ്ങള്‍ക്ക് ഉപോല്‍ബലകമായി ഉയര്‍ത്തിക്കാട്ടിയിരുന്നത്. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മഹാരാഷ്ട്രയില്‍ ആകെ പോള്‍ ചെയ്ത വോട്ടും എണ്ണിയ വോട്ടും തമ്മില്‍ വലിയ വ്യത്യാസമുണ്ടെന്ന ആരോപണമായിരുന്നു അദ്ദേഹം പ്രധാനമായും ഉന്നയിച്ചത്. വോട്ടെടുപ്പിനു ശേഷം ഏകദേശ കണക്കായി പുറത്തുവന്ന പോളിങ് ശതമാനവും പിന്നീട് അവസാന കണക്കായി വന്ന പോളിങ് ശതമാനവും തമ്മില്‍ അഞ്ചു കോടി വോട്ടുകളുടെ വ്യത്യാസം മഹാരാഷ്ട്രയില്‍ മാത്രമുണ്ടെന്നായിരുന്നു പറക്കാല കണക്കു കൂട്ടി വ്യക്തമാക്കിയിരുന്നത്. ഈ അഞ്ചു കോടി വോട്ടുകള്‍ കൂടി എണ്ണിയതാണത്രേ തിരഞ്ഞെടുപ്പു ഫലത്തെ തിരിച്ചു വിട്ടത്. 1952 മുതല്‍ 2024 വരെ ഒരിക്കലും പോളിങ് അവസാനിക്കുമ്പോഴുള്ള വോട്ടര്‍ കണക്കും അന്തിമ കണക്കുകളും തമ്മില്‍ ഒരു ശതമാനത്തിലധികം വ്യത്യാസം വന്നിരുന്നില്ല. എന്നാല്‍ 2024ല്‍ ആദ്യമായി ഈ വ്യത്യാസം 12.5 ശതമാനത്തിന്റെയായി ഉയര്‍ന്നു. ഒഡിഷയിലും ആന്ധ്രപ്രദേശിലുമാണ് വ്യത്യാസം 12.5 ശതമാനം വരെ ഉയര്‍ന്നത്. എല്ലാം കൂട്ടിച്ചേര്‍ത്തു വയ്ക്കുമ്പോള്‍ അഞ്ചു കോടിയോളം വോട്ടുകള്‍ അധികമായി എണ്ണപ്പെട്ടു. അദ്ദേഹം കഴിഞ്ഞ ഓഗസ്റ്റില്‍ ആരോപിച്ചിരുന്നു.