ഗാസാ പിടിക്കാന്‍ ജര്‍മനിയുടെ കൂട്ടില്ല

ബെര്‍ലിന്‍: ഗാസാ നഗരം പിടിച്ചെടുക്കാനുള്ള അതിമോഹ പദ്ധതി അണിയറയിലൊരുക്കി ഇസ്രയേല്‍ തയാറെടുക്കുന്നത് കൈവിട്ട കളിയാകുമോ. കാരണം ഈ മോഹത്തില്‍ തട്ടി നിലവിലുള്ള മിത്രങ്ങള്‍ കൂടി ശത്രുക്കളാകുന്ന ലക്ഷണമാണ്. ജര്‍മനിയുടെ മനംമാറ്റമാണ് ഇസ്രയേലിനു കാര്യങ്ങള്‍ പന്തിയല്ലെന്ന ധാരണ പരത്തുന്നത്. ഇസ്രയേലിന് ആയുധങ്ങള്‍ വില്‍ക്കുന്നത് താല്‍ക്കാലികമായി നിര്‍ത്തി വയ്ക്കാന്‍ ജര്‍മനിയെടുത്ത തീരുമാനം ഈ സൂചനയാണ് തരുന്നത്. ഇത്ര കാലവും ഇസ്രയേലുമായി അടുപ്പം സൂക്ഷിച്ചിരുന്ന രാജ്യമാണ് ജര്‍മനി. ഗാസ മുനമ്പില്‍ ഉപയോഗിക്കാവുന്ന സൈനിക ഉപകരണങ്ങളുടെ കയറ്റുമതി ജര്‍മനി നിര്‍ത്തുമെന്ന് ശനിയാഴ്ച വെളിപ്പെടുത്തിയത് ജര്‍മന്‍ ചാന്‍സലര്‍ ഫ്രീഡ്രീഷ് മേര്‍ട്‌സ് തന്നെയാണ്. ഗാസയെ പൂര്‍ണമായി കീഴ്‌പ്പെടുത്താനുള്ള ഇസ്രയേലിന്‍പദ്ധതിയില്‍ ജര്‍മനിക്കു മനസിലാക്കാനാവാത്ത അവ്യക്തതയുണ്ടെന്നാണ് ആയുധ കയറ്റുമതി നിര്‍ത്താനുള്ള തീരുമാനത്തിന്റെ ഭാഗമായി മേര്‍ട്‌സ് പറഞ്ഞത്.
ഹമാസിനെ നിരായുധീകരിക്കുന്നതിനും ഹമാസ് തടങ്കലിലാക്കിയിരിക്കുന്ന ഇസ്രേലി ബന്ദികളെ മോചിപ്പിക്കുന്നതിനും ജര്‍മനി നല്‍കുന്ന സഹകരണം ബ്ലാങ്ക് ചെക്ക് പോലെ ഇസ്രയേലിന് എങ്ങനെയും എടുത്തുപയോഗിക്കാവുന്നതല്ലെന്നാണ് മേര്‍ട്‌സിന്റെ വാക്കുകളുടെ സാരം. ഗാസയിലെ സാധാരണ ജനങ്ങളുടെ ദുരിതത്തില്‍ തങ്ങള്‍ അങ്ങേയറ്റം ആശങ്കാകുലരാണെന്നും ചാന്‍സലര്‍ വ്യക്തമാക്കി. 2023 ഒക്ടോബര്‍ ഏഴിലെ ഹമാസ് ആക്രമണത്തിനും ഇക്കൊല്ലം മെയ് വരെയുള്ള കാലയളവിനും ഇടയില്‍ 56.55 ലക്ഷം കോടി ഡോളറിന്റെ ആയുധകയറ്റുമതിക്കാണ് ജര്‍മനി അംഗീകാരം നല്‍കിയിരുന്നത്.