ചൂണ്ടയില്‍ വരാല്‍, വയറ്റില്‍ മറ്റൊരാള്‍

കൊല്ലം: ചൂണ്ടയില്‍ കുരുങ്ങിയതൊരു വരാല്‍. എന്നാല്‍ അതിന്റെ വയറ്റിലുണ്ടായിരുന്ന മുതലിനെ ഓര്‍ത്താല്‍ ഉള്ളൊന്നു കിടുങ്ങും. മീനിനെ കിട്ടിയവരും വെട്ടിയവരും പറയുന്നത് അതൊരു ഉഗ്രവിഷമുള്ള മൂര്‍ഖനെ വയറ്റില്‍ ഒളിപ്പിച്ചാണ് ചൂണ്ടയില്‍ കൊത്തിയതെന്നാണ്.
കൊല്ലം ജില്ലയിലെ ചാരുംമൂട്ടില്‍ പേരൂര്‍ കാരാഴ്മ നിലയ്ക്കല്‍ വടക്കതില്‍ സനോജിന്റെ ചൂണ്ടയിലാണ് ഒരു കിലോയിലേറെ തൂക്കമുള്ള വരാല്‍ കൊത്തിയത്. കൈയോടെ വരാലിനെ വെട്ടി കറിയാക്കാമെന്നു കരുതി സനോജിന്റെ ഭാര്യ ശാലിനി അതിന്റെ വയറു കീറിയപ്പോഴാണ് അകത്തുണ്ടായിരുന്ന പാമ്പിനെ കാണുന്നത്. അതിന്റെ തലയിലെ കുറിയടയാളം കണ്ടതു കൊണ്ട് വയറ്റിലുണ്ടായിരുന്നത് മൂര്‍ഘനാണെന്ന് ഇവര്‍ ഉറപ്പിക്കുകയും ചെയ്തു. വരാല്‍ മൂര്‍ഖനെ കഴിച്ചിട്ട് കുറച്ചേറെ സമയമായിരുന്നതു കൊണ്ട് തൊലിയൊക്കെ കുറേയേറെ ദഹിച്ചു പോയിരുന്നു. എന്തായാലും പാമ്പിനെ കണ്ട് ഭയന്നതോടെ വരാലിനെയും ഉപേക്ഷിക്കാനായിരുന്നു ഇവരുടെ തീരുമാനം. രണ്ടിനെയും പറമ്പില്‍ കുഴിച്ചിട്ടു.
വരാല്‍ മീനുകള്‍ക്കിടയിലെ നോണ്‍വെജിറ്റേറിയനാണ്. വേണ്ടി വന്നാല്‍ ജീവനുള്ള മറ്റു മത്സ്യങ്ങളെ അകത്താക്കും. അതിനാല്‍ പാമ്പിനെ വിഴുങ്ങിയതില്‍ അതിശയിക്കാനൊന്നുമില്ല. എന്നാല്‍ പാമ്പിനെ മീന്‍ വിഴുങ്ങന്നത് അസാധാരണ സംഭവമാണെന്നു പറയപ്പെടുന്നു