പൊന്നു കണ്ടാല്‍ പൊന്നുണ്ണിയെ മറന്നാലോ

ഹാസന്‍: പൊന്നും പെണ്ണും തമ്മിലുള്ള പൊരുത്തത്തിന്റെ ഏതൊക്കെയോ കെമിസ്ട്രി വര്‍ക്ക് ചെയ്യുന്നതെങ്ങനെയെന്ന് ആര്‍ക്കാണ് പറയാന്‍ സാധിക്കുക. സ്വന്തം പൊന്നോമനയാണോ കടയിലിരിക്കുന്ന പൊന്നാണോ ഒരു അമ്മയ്ക്ക് വലുതെന്നു ചോദിച്ചാല്‍ ഉത്തരം ആളനുസരിച്ച് മറുമെന്നു പറയേണ്ടി വരുന്ന സംഭവമാണ് കര്‍ണാടകത്തിലെ ഹാസനിലുണ്ടായിരിക്കുന്നത്. പൊന്നെടുത്തു കഴിഞ്ഞപ്പോള്‍ പൊന്നോമനയെ മറന്ന അമ്മയാണ് വാര്‍ത്തയിലെ താരമായിരിക്കുന്നത്.
ഹാസന്‍ ഗാന്ധിബസാറിലെ സ്വര്‍ണക്കടയിലാണ് സംഭവം നടക്കുന്നത്. യുവതിയായൊരു മാതാവ് കുഞ്ഞിനെയും കൂട്ടിയാണ് സ്വര്‍ണം വാങ്ങാനെത്തിയത്. കുട്ടിയെ റിസപ്ഷനില്‍ ഏല്‍പിച്ചിട്ടാണ് യുവതി അകത്തേക്കു പോയത്. സ്വര്‍ണം തിരഞ്ഞു, ഇഷ്ടപ്പെട്ടത് വാങ്ങി, വീട്ടിലേക്കു മടങ്ങുകയും ചെയ്തു. കുഞ്ഞ് അപ്പോഴും അമ്മ വരുന്നത് കാത്ത് റിസപ്ഷനില്‍ തന്നെ ഇരിക്കുകയാണ്. വീട്ടിലെത്തിക്കഴിഞ്ഞാണ് അമ്മയ്ക്കു കുഞ്ഞു കൂടെയില്ലെന്ന ബോധമുണ്ടാകുന്നത്. ഇതോടെ സമീപത്തെ പോലീസ് സ്‌റ്റേഷനിലെത്തി കുട്ടിയെ കാണാനില്ലെന്നു പരാതിയും കൊടുത്തു.
ഇതേസമയം കുഞ്ഞ് അമ്മയെ കാണാതെ കാത്തിരുന്നു മടുത്തിട്ട് പുറത്തിറങ്ങുകയും നിലവിളി ആരംഭിക്കുകയും ചെയ്തു. ഇതു കണ്ട് അതുവഴി പോയൊരു വീട്ടമ്മ കുഞ്ഞിന്റെ രക്ഷയ്‌ക്കെത്തി. വിവരം തിരക്കിയ വീട്ടമ്മ കുഞ്ഞിനു തല്‍ക്കാലം ഭക്ഷണം വാങ്ങി നല്‍കി ആശ്വസിപ്പിച്ചു. അതിനു ശേഷം കുട്ടിയുമായി പോലീസ് സ്‌റ്റേഷനിലെത്തി. അപ്പോഴാണ് പരാതിയില്‍ പറയുന്ന കുട്ടിയും ഈ കുട്ടിയും ഒന്നു തന്നെയാണെന്ന് പോലീസിനു മനസിലാകുന്നത്. കുഞ്ഞിനെ അമ്മയ്ക്കു തിരിച്ചു നല്‍കിയതോടെ ദുരന്ത പര്യവസാനിയാകേണ്ടിയിരുന്നൊരു സംഭവത്തിന് ശുഭ സമാപ്തിയായി. കുഞ്ഞിനെ നന്നായി നോക്കണമെന്നും ഇനി ഇത്തരത്തിലുള്ള അബദ്ധങ്ങള്‍ സംഭവിക്കരുതെന്നും യുവതിയായ മാതാവിന് ഉപദേശവും നല്‍കിയാണ് പോലീസ് യാത്രയാക്കിയത്.