ന്യൂഡല്‍ഹി: ഇനിമുതല്‍ കുവൈറ്റിലേക്ക് വിമാനത്തില്‍ ആഴ്ചതോറും ആറായിരം സീറ്റുകളുടെ വര്‍ധന. നേരത്തെ 12000 സീറ്റുകള്‍ ഒരാഴ്ചയില്‍ ലഭ്യമായിരുന്ന സ്ഥാനത്ത് ഇനി 18000 സീറ്റുകള്‍ ലഭ്യമാകും. ഇതുവഴി വിമാന ടിക്കറ്റ് നിരക്കില്‍ കുറവുണ്ടാകുമെന്നു വിലയിരുത്തപ്പെടുന്നു. വിമാന സീറ്റുകളുടെ ക്വോട്ട വര്‍ധിപ്പിക്കാന്‍ ഇരു ഗവണ്‍മെന്റുകളും തമ്മിലുള്ള ചര്‍ച്ചയിലാണ് തീരുമാനമായത്. അമ്പതു ശതമാനം സീറ്റു വര്‍ധനയെന്നത് പ്രവാസികള്‍ക്ക് ഏറെ പ്രതീക്ഷ നല്‍കുന്ന കാര്യമാണ്. ഇന്ത്യയുടെ ഏവിയേഷന്‍ സെക്രട്ടറി സമീര്‍ കുമാര്‍ സിന്‍ഹയും കുവൈറ്റിന്റെ ഡിജിസിഎ പ്രസിഡന്റ് ഷെയ്ഖ് ഹമൂദ് അല്‍ മുബാറക്കുമാണ് ഇതു സംബന്ധിച്ച ചര്‍ച്ചകള്‍ നയിച്ചതും കരാറില്‍ ഒപ്പു വച്ചതും. ഇന്ത്യയ്ക്കും കുവൈറ്റിനുമിടയിലുള്ള വിമാന സീറ്റ് ക്വോട്ട ഇതിനു മുമ്പ് വര്‍ധിപ്പിച്ചത് 2007ല്‍ ആയിരുന്നു. അതുവരെ 8320 സീറ്റുകള്‍ മാത്രമുണ്ടായിരുന്നത് പതിനെട്ടു വര്‍ഷം മുമ്പാണ് 12000 സീറ്റുകളായി വര്‍ധിപ്പിക്കുന്നത്.
കുവൈറ്റിലേക്ക് പറക്കാന്‍ ഇനി 18000 സീറ്റുകള്‍
