അമേരിക്കയ്ക്കാണോ, അച്ചാര്‍ മാറ്റിവച്ചേക്കുക

ന്യൂയോര്‍ക്ക്: അച്ചാര്‍ ഇഷ്ടമാണെന്നു കരുതി അമേരിക്കയിലേക്കു വരുമ്പോള്‍ പെട്ടിയില്‍ വീട്ടിലുണ്ടാക്കിയ അച്ചാര്‍ എടുക്കുമ്പോള്‍ അതിന്റെ റിസ്‌കുകള്‍ കൂടി നേരിടാന്‍ തയാറായിരിക്കണമെന്നു വിവിധ യാത്രാ ഏജന്‍സികള്‍ മുന്നറിയിപ്പു തരുന്നു. ഇന്ത്യയില്‍ നിന്നുള്ള പ്രവാസികള്‍ പെട്ടി പായ്ക്ക് ചെയ്യുമ്പോള്‍ മറക്കാതെ എടുത്തു വയ്ക്കുന്ന വസ്തുക്കളിലൊന്നാണ് ഹോംമെയ്ഡ് അച്ചാര്‍. എന്നാല്‍ അമേരിക്കയില്‍ മാത്രമല്ല, പല ലോക രാജ്യങ്ങളിലും ഇങ്ങനെ കൊണ്ടു വരുന്ന അച്ചാറിനു വിലക്കുണ്ട്. ഇവ നിയമം മൂലം നിരോധിച്ചിട്ടുമുണ്ട്. അതിനാല്‍ പിടിക്കപ്പെട്ടാല്‍ ശിക്ഷ ഉറപ്പ്. എന്നു മാത്രമല്ല, യാത്ര തന്നെ തടസപ്പെടുന്ന സാഹചര്യവുമുണ്ടാകും.
വിദേശത്തു നിന്ന് അമേരിക്കയിലേക്കു വരുന്ന യാത്രക്കാരന്‍ എന്തൊക്കെ കൊണ്ടുവരരുതെന്ന് കൃത്യമായി നിയമം മൂലം നിശ്ചയിക്കപ്പെട്ടിട്ടുണ്ട്. ആയുധങ്ങള്‍, നിരോധിത വസ്തുക്കള്‍ ഒക്കെ ഇക്കൂടെ വരും. നിരോധിത വസ്തുക്കളില്‍ ഒന്നാണ് വീട്ടിലുണ്ടാക്കുന്ന അച്ചാറുകള്‍. ഏതാനും ആയുര്‍വേദ മരുന്നുകള്‍ക്കും ഇത്തരത്തില്‍ നിരോധനമുണ്ട്. ഇത്തരം സാധനങ്ങള്‍ ബാഗേജിനുളളില്‍ നിന്നു പിടിക്കപ്പെട്ടാല്‍ മിനിമം ഒരു പിഴയെങ്കിലും ഉറപ്പാണ്. സംശയം കൂടുതല്‍ തോന്നുകയാണെങ്കില്‍ അടുത്ത വണ്ടിക്ക് തിരിച്ചു പോരേണ്ടതായും വരാം.
പൊതുജനാരോഗ്യം, ദേശീയ സുരക്ഷ, രാജ്യതാല്‍പര്യം തുടങ്ങിയ കാര്യങ്ങളുടെ പേരില്‍ വിവിധ ഫെഡറല്‍ ഏജന്‍സികളുടെ നിര്‍ദേശത്തോടെയാണ് യുഎസ് കസ്റ്റംസ് ആന്‍ഡ് ബോര്‍ഡര്‍ പ്രൊട്ടക്ഷന്‍ വിഭാഗം ഇത്തരം നിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്നത്. കൃത്യമായ പാക്കേജിങ് വിവരങ്ങളില്ലാത്ത ഭക്ഷണസാധനങ്ങളാണ് യുഎസ് കസ്റ്റംസ് പിടിച്ചെടുക്കുക. വീട്ടിലുണ്ടാക്കിയ അച്ചാറുകള്‍ക്കും വറപൊരി സാധനങ്ങള്‍ക്കുമൊക്കെ ഉണ്ടാക്കിയ തീയതിയും യൂസ് ബിഫോര്‍ തീയതിയുമൊന്നും രേഖപ്പെടുത്തിയിട്ടുണ്ടാകില്ലല്ലോ. അതു തന്നെയാണ് പ്രശ്‌നം. വ്യക്തമല്ലാത്ത ചേരുവകള്‍, മലിനീകരണ പ്രശ്‌നം തുടങ്ങിയവയൊക്കെ ഇത്തരം വസ്തുക്കളുടെ കാര്യത്തിലുള്ള പ്രശ്‌നമാണ്.