തിരുവനന്തപുരം: സംസ്ഥാനത്ത് വൃത്തിഹീനമായ സാഹചര്യങ്ങളിലും മറ്റും സര്‍ക്കാര്‍ മാനദണ്ഡങ്ങള്‍ ലംഘിച്ചു പ്രവര്‍ത്തിച്ചിരുന്ന 47 സ്ഥാപനങ്ങള്‍ ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ പരിശോധനയെ തുടര്‍ന്ന് അടച്ചു പൂട്ടി. 256 സ്ഥാപനങ്ങള്‍ക്ക് റെക്ടിഫിക്കേഷന്‍ നോട്ടീസും 263 സ്ഥാപനങ്ങള്‍ക്ക് കോമ്പൗണ്ടിങ് നോട്ടീസും നല്‍കുകയും ചെയ്തു. സംസ്ഥാനത്തൊട്ടാകെ ആയിരത്തഞ്ഞൂറിലധികം പ്രത്യേക പരിശോധനകള്‍ നടത്തിയാണ് നടപടിയെടുത്തതെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് വെളിപ്പെടുത്തി.
കര്‍ശനമായ ഗുണമേന്മാ മാനദണ്ഡങ്ങളാണ് ഷവര്‍മയുടെ കാര്യത്തില്‍ സംസ്ഥാന ഭക്ഷ്യസുരക്ഷാ വകുപ്പ് പുറത്തിറക്കിയിട്ടുള്ളത്. ഇവയുടെ ലംഘനമാണ് പലയിടത്തും കണ്ടെത്താന്‍ കഴിഞ്ഞത്. മാര്‍ഗനിര്‍ദേശങ്ങള്‍ പ്രകാരം പച്ചമുട്ട ഉപയോഗിച്ചുള്ള മയോണൈസ് സംസ്ഥാനത്തു നിരോധിച്ചിട്ടുണ്ട്. വൃത്തിഹീനമായ സ്ഥലത്തോ സാഹചര്യത്തിലോ ഷവര്‍മ പാചകം ചെയ്യാനോ വില്‍ക്കാനോ പാടില്ല. ഷവര്‍മ പൊതിഞ്ഞു നല്കുമ്പോള് പൊതിയുടെ പുറത്ത് തീയതിയും സമയവും എത്ര സമയത്തിനകം ഉപയോഗിക്കണം എന്ന കാര്യവും രേഖപ്പെടുത്തിയിരിക്കണം. ഭക്ഷ്യസുരക്ഷാ സര്‍ട്ടിഫിക്കറ്റ് ഇല്ലാത്ത സ്ഥാപനങ്ങള്‍ക്ക് ഷവര്മയെന്നല്ല, ഒരു തരത്തിലുള്ള ഭക്ഷണ പദാര്‍ഥവും വില്പന നടത്താന്‍ അനുവാദവുമില്ല. ഭക്ഷണ നിര്‍മാണത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ക്ക് ഹെല്‍ത്ത് കാര്‍ഡ് നിര്‍ബന്ധമാണ്.
മോശം ഷവര്‍മ, 47 കടകള്‍ പൂട്ടിച്ചു
