മുംബൈ: അങ്ങനെ വടാപാവ് ഒരിക്കല്‍ കൂടി താരമായിരിക്കുകയാണ്. ജപ്പാല്‍ അംബാസിഡര്‍ ഒനോ കെയ്ച്ചി ഏറെ സ്വാദോടെ വടാപാവ് കഴിക്കുന്ന ചിത്രം സാമൂഹ്യ മാധ്യമത്തില്‍ കൂടി പങ്കു വച്ചതോടെയാണ് രണ്ടാമതൊരിക്കല്‍ കൂടി വടാപാവ് വാര്‍ത്തകളില്‍ നിറയുന്നത്. നേരത്തെ ആപ്പിള്‍ കമ്പനിയുടെ സിഇഓ ടിം കുക്ക് ബോളിവുഡ് താരം മാധുരി ദീക്ഷിത്തിനൊപ്പം വടാപാവ് കഴിക്കുന്ന ചിത്രം പുറത്തു വിട്ടപ്പോഴാണ് ഈ ഇന്ത്യന്‍ സ്ട്രീറ്റ് ഫുഡ് ആദ്യം സെലിബ്രിറ്റി സ്റ്റാറ്റസ് കൈവരിക്കുന്നത്.
ലോക പൈതൃക കേന്ദ്രങ്ങളിലൊന്നു കൂടിയായ മുംബൈയിലെ ഛാത്രപതി ശിവജി മഹാരാജ് ടെര്‍മിനസിനു മുന്നില്‍ നിന്ന് വടാപാപ് കഴിക്കുന്ന ചിത്രമാണ് ഓനോ കെയ്ച്ചി ഇന്‍സ്റ്റഗ്രാമിലെ തന്റെ അക്കൗണ്ടില്‍ ഷെയര്‍ ചെയ്തത്. 1939 മുതല്‍ വടാപാവ് കച്ചവടത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന ആരം വടാപാവ് എന്ന കടയാണ് കെയ്ച്ചിയുടെ സ്റ്റോറിയുടെയും പശ്ചാത്തലം. ഇതിനു മുമ്പും പല വിഐപികളും ആരം വടാപാവില്‍ എത്തിയിട്ടുമുണ്ട്. ഇന്ത്യന്‍ സ്ട്രീറ്റ് ഫുഡുകളുടെ ആരാധകനെന്നു കെയ്ച്ചിയെ വിളിക്കണം. പല സംസ്ഥാനങ്ങളിലെയും തനതു സ്ട്രീറ്റ് ഫുഡുകള്‍ കഴിക്കാന്‍ അദ്ദേഹമെത്തുന്നുണ്ട്.
കെയ്ച്ചിക്കു മാത്രമല്ല വടാപാവിനുമുണ്ടൊരു കഥ പങ്കുവയ്ക്കാന്‍. മഹാത്മ ഗാന്ധി ഇന്ത്യയില്‍ തിരിച്ചെത്തിയതിനു ശേഷം നടത്തിയ രണ്ടാമത്തെ പ്രധാന സമരം അന്നത്തെ ബോംബെയിലെ മില്‍ തൊഴിലാളികള്‍ക്കു വേണ്ടിയായിരുന്നു. അക്കാലത്തു തന്നെ മുംബൈയില്‍ വടാപാവുമുണ്ട്. മില്‍ തൊഴിലാളികളുടെ പ്രിയപ്പെട്ട ഭക്ഷണമായിരുന്നു അക്കാലത്ത് വടാപാവ്. ദാദര്‍ റെയില്‍വേ സ്റ്റേഷനു പുറത്ത് 1966ലാണ് ആദ്യത്തെ വടാപാവ് കട ആരംഭിക്കുന്നത്. ഒരു കട തന്നെ തുടങ്ങാന്‍ മാത്രം പ്രശസ്തമായിക്കഴിഞ്ഞിരുന്നു അപ്പോഴേക്ക് ഈ തൊഴിലാളി ഭക്ഷണം. നമ്മുടെ മസാല ബോണ്ടയുടെ മറ്റൊരു വേരിയന്റെന്നു വേണമെങ്കിലും വടാപാവിനെ വിളിക്കാം. വേവിച്ച ഉരുളക്കിഴങ്ങ് പച്ചമുളകും കടുകും മഞ്ഞളും ചേര്‍ത്ത് ബോണ്ടയുടെ രൂപത്തിലാക്കുന്നു. ഇതിനെ കടലമാവില്‍ മുക്കിയെടുത്ത് പൊരിച്ചെടുത്താല്‍ ബണ്ണിന്റെയുള്ളില് വയ്ക്കാനുള്ള ഫില്ലിംഗാവും. ഇങ്ങനെ ബണ്ണിനുള്ളില്‍ കയറിക്കഴിഞ്ഞാല്‍ നമ്മുടെ മസാല ബോണ്ട മുംബൈയുടെ ബര്‍ഗര്‍ എന്നു കൂടി വിളിപ്പേരുള്ള വടാപാവായി മാറും. താരതമ്യേന ഏറ്റവും കുറഞ്ഞ ചെലവില്‍ ഏറ്റവും കുറഞ്ഞ സമയത്തിനുള്ളില്‍ തയാറാക്കാമെന്നതാണ് ഈ ആഹാരത്തെ ശരിക്കും ജനകീയ ഭക്ഷണമാക്കി മാറ്റുന്നത്.
വടാപാവ് വീണ്ടുമങ്ങനെ സെലിബ്രിറ്റിയായി
