ജ്യോത്സ്യ വിവാദം വന്നില്ല ഗോവിന്ദന്‍

കണ്ണൂര്‍: സിപിഎമ്മിന്റെ ആഭ്യന്തര രാഷ്ട്രീയ രംഗത്ത് ഏറെ വിവാദമുണ്ടാക്കിയ ജ്യോത്സ്യ വിവാദത്തില്‍ ആരോപണങ്ങള്‍ പാടേ നിഷേധിച്ച് സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. നേതാക്കള്‍ ജ്യോത്സ്യന്‍മാരെ കാണാന്‍ പോകുന്നുവെന്ന് സംസ്ഥാന കമ്മിറ്റിയില്‍ കടുത്ത വിമര്‍ശനം ഉയര്‍ന്നുവെന്ന ആരോപണങ്ങള്‍ ഗോവിന്ദന്‍ നിഷേധിച്ചു. ഇതു സംബന്ധിച്ച് സാമൂഹ്യ മാധ്യമങ്ങളാണ് പ്രശ്‌നമുണ്ടാക്കിയതെന്നും അവയില്‍ വരുന്നതൊന്നും ശരിയല്ലെന്നുമാണ് സെക്രട്ടറിയുടെ പക്ഷം. ഇങ്ങനെയൊരു ചര്‍ച്ചയേ സംസ്ഥാന സമിതിയില്‍ വന്നിട്ടില്ല. ഗോവിന്ദന്‍ അറിയിച്ചു.
കഴിഞ്ഞ സംസ്ഥാന സമിതിയില്‍ കണ്ണൂര്‍ ജില്ലയില്‍ നിന്നു തന്നെയുള്ള പ്രമുഖനായൊരു നേതാവാണ് ജ്യോത്സ്യവിവാദം ആരംഭിക്കുന്നത്. നേതാക്കള്‍ ജ്യോത്സ്യന്‍മാരെ കാണാന്‍ പോകുന്നതിന്റെ ചിത്രങ്ങള്‍ പൊതുസമൂഹത്തില്‍ പ്രചരിക്കുമ്പോള്‍ ഇക്കാര്യം ജനങ്ങളോടു വിശദീകരിക്കാന്‍ പാടുപെടുകയാണെന്നായിരുന്നു നേതാവിന്റെ തുറന്നു പറച്ചില്‍. എന്തു രാഷ്ട്രീയ ബോധ്യത്തിന്റെ അടിസ്ഥാനത്തിലാണ് നേതാക്കള്‍ ഇങ്ങനെ ചെയ്തു കൂട്ടുന്നതെന്നായിരുന്നു അദ്ദേഹത്തിന് അറിയേണ്ടിയിരുന്നത്. സംസ്ഥാന സെക്രട്ടറിക്കെതിരേ തന്നെ മുന വച്ച ഈ ചോദ്യത്തിന്റെ മുന തിരിച്ചറിഞ്ഞ മറ്റു കമ്മിറ്റിയംഗങ്ങള്‍ ആരും ഇതിന്‍മേല്‍ കൂടുതലൊന്നും പറയാന്‍ തയാറായില്ല. സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ ഒരു പ്രശസ്ത ജ്യോത്സ്യനെ സന്ദര്‍ശിച്ചതിന്റെ ചിത്രങ്ങള്‍ അടുത്തയിടെയാണ് സാമൂഹ്യ മാധ്യമങ്ങളില്‍ ഏറെ ചര്‍ച്ചയായത്.