അമ്മൂമ്മയുടെ കാമുകന്‍ തകര്‍ത്ത ജീവിതം

കൊച്ചി: മകളും കൊച്ചുമകനും താമസിക്കുന്ന വീട്ടില്‍ അമ്മൂമ്മയ്‌ക്കൊപ്പം താമസിക്കാനെത്തിയ കാമുകന്‍ തകര്‍ത്തത് പതിനാലുകാരന്റെ ജീവിതം. ലഹരിക്കടിമയായ കാമുകന്‍ ബലമായി കാമുകിയുടെ കൊച്ചുമകനെക്കൊണ്ട് ലഹരി ഉപയോഗിപ്പിക്കുകയായിരുന്നു.
ഒമ്പതാം ക്ലാസുകാരനായ ബാലന്‍ ഒടുവില്‍ ലഹരിക്കടിമയായി മാറുകയും ചെയ്തപ്പോഴാണ് അമ്മയും മറ്റും വിവരം അറിയുന്നത്. കൂലിപ്പണിയെടുത്തു കുടുംബം പുലര്‍ത്തിയിരുന്ന അമ്മ പിന്നീട് മകനെ ലഹരി മോചന കേന്ദ്രത്തിലെ ചികിത്സയ്ക്കു ശേഷം ജീവിതത്തിലേക്കു തിരികെയെത്തിച്ചിരിക്കുകയാണ്. സ്വന്തം അമ്മയ്‌ക്കെതിരേയും കാമുകനെതിരേയും പോലീസില്‍ കേസും നല്‍കി. പോലീസ് കേസെടുത്തതോടെ അമ്മൂമ്മയും തിരുവനന്തപുരംകാരനായ കാമുകനും ഒളിവില്‍ പോയി.
സുഹൃത്തെന്ന വ്യാജേനയാണ് അമ്മൂമ്മ കാമുകനെ വീട്ടില്‍ താമസിപ്പിച്ചത്. ഇയാല്‍ ആദ്യം കഞ്ചാവ് കൊടുത്തപ്പോള്‍ കുട്ടി വാങ്ങിയില്ല. എന്നാല്‍ ക്രൂരമായി മര്‍ദിച്ചും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയും കഴുത്തില്‍ കത്തി വച്ച് ഭയപ്പെടുത്തിയും കുട്ടിയെക്കൊണ്ട് ഇയാള്‍ കഞ്ചാവ് ഉപയോഗിപ്പിക്കുകയായിരുന്നു. അങ്ങനെ ബാലന്‍ ലഹരിക്കടിമയായി മാറുകയും ചെയ്തു. ഹാഷിഷ് ഓയിലടക്കം ഇയാള്‍ നല്‍കിയിട്ടുണ്ടെന്നാണ് കുട്ടി പറയുന്നത്.
ഇയാളുടെയും കൂട്ടുകാരുടെയും സംഘം ചേര്‍ന്നുള്ള ലഹരി ഉപയോഗത്തിനും ഇവരുടെ വീടു തന്നെയായിരുന്നു ആസ്ഥാനം. അതിലൊക്കെ ബാലനെക്കൂടി പങ്കു ചേര്‍ക്കുകയും ലഹരി കടത്തിന് കാരിയറായി ഉപയോഗിക്കുകയും ചെയ്തു. കാരിയറായി കുട്ടിയെ ഉപയോഗിക്കുകയായിരുന്നു ഇയാളുടെ ലക്ഷ്യമെന്നു കരുതുന്നു. ബാലന്റെ സ്വഭാവത്തില്‍ മാറ്റം വന്നതോടെയാണ് അമ്മ ശ്രദ്ധിക്കുന്നതും ചികിത്സയ്ക്കായി കൊണ്ടു പോകുന്നതും.
അമ്മൂമ്മയുടെ കാമുകനോടുള്ള ഭയം നിമിത്തം വീട്ടിലാരോടും പറയാതിരുന്ന ഈ രഹസ്യം തന്റെയൊരു സുഹൃത്തിനോടാണ് ബാലന്‍ ആദ്യമായി വെളിപ്പെടുത്തുന്നത്. ആ കുട്ടിയുടെ അമ്മയില്‍ നിന്നായിരുന്നു ബാലന്റെ അമ്മയ്ക്ക് വിവരം ലഭിക്കുന്നത്. സ്വന്തം അമ്മയോട് കാമുകനെ നിയന്ത്രിക്കണമെന്നു പറഞ്ഞെങ്കിലും കൊന്നുകളയുമെന്നായിരുന്നു അയാളുടെ ഭീഷണി. ഗതികെട്ടപ്പോള്‍ കേസുമായി പോലീസ് സ്‌റ്റേഷനിലേക്കു പോകുകയായിരുന്നു.