ഐസിയു പീഢകന്റെ പണി തെറിച്ചു

കോഴിക്കോട്: സംസ്ഥാനത്തെമ്പാടും ഏറെ പ്രതിഷേധത്തിനിടയാക്കിയ കോഴിക്കോട് ഗവണ്‍മെന്റ് മെഡിക്കല്‍ കോളജ് ഐസിയു പീഢന കേസില്‍ പ്രതിയായ ജീവനക്കാരനെ അവസാനം സര്‍വീസില്‍ നിന്നു പിരിച്ചു വിട്ടു. സംഭവം കഴിഞ്ഞപ്പോള്‍ മുതല്‍ അതിജീവിത നീതിക്കായി പോരാട്ടത്തിലായിരുന്നു. ആശുപത്രി അറ്റന്‍ഡര്‍ എ എം ശശീന്ദ്രനാണ് അവസാനം പണി തെറിച്ചത്. ഇതു സംബന്ധിച്ച് കോഴിക്കോട് മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍ ഉത്തരവിറക്കി. ആഭ്യന്തര അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ മെഡിക്കല്‍ കോളജ് ഭരണ നിര്‍വഹണ വിഭാഗം നല്‍കിയ ശുപാര്‍ശ അംഗീകരിച്ചാണ് പ്രിന്‍സിപ്പലിന്റെ നടപടി.
പോരാട്ടത്തിനൊടുവില്‍ നീതി കിട്ടിയതില്‍ സന്തോഷമുണ്ടെന്നായിരുന്നു അതിജീവിതയുടെ പ്രതികരണം. എല്ലാ സ്ത്രീകള്‍ക്കും വേണ്ടിയാണ് താന്‍ സമരരംഗത്തിറങ്ങിയതെന്ന് അവര്‍ വ്യക്തമാക്കി. 2023 ഏപ്രിലിലാണ് ശസ്ത്രക്രിയയ്ക്കു ശേഷം ഐസിയുവിലായിരുന്ന യുവതിയെ അറ്റന്‍ഡറായിരുന്ന ശശീന്ദ്രന്‍ പീഢിപ്പിച്ചത്. കേരള മനസാക്ഷിയെ ഞെട്ടിച്ച സംഭവമായിരുന്നു അത്. സംഭവത്തെ തുടര്‍ന്ന് ഇയാള്‍ അറസ്റ്റിലായെങ്കിലും ജോലിയില്‍ തുടരാന്‍ പല ഉന്നത കേന്ദ്രങ്ങളുടെയും സംരക്ഷണം ലഭിച്ചുവെന്നു പറയപ്പെടുന്നു.
ഓപ്പറേഷനു ശേഷം പുറത്തേക്കു കൊണ്ടു വന്ന യുവതിയെ ഐസിയുവില്‍ പ്രവേശിപ്പിച്ച ശേഷം പുറത്തു പോയ ഇയാള്‍ മറ്റു ജീവനക്കാരാരും സ്ഥലത്തില്ലാത്ത സമയം നോക്കി തിരികെ കയറി വന്ന് പീഢിപ്പിക്കുകയായിരുന്നു. അര്‍ധ മയക്കത്തിലായിരുന്ന യുവതിക്ക് സംഭവം മനസിലാക്കാനായെങ്കിലും തളര്‍ച്ചയില്‍ പ്രതികരിക്കാനാവാതെ പോയി. പിന്നീട് അനസ്തീഷ്യയുടെ ശക്തി കുറഞ്ഞു കഴിഞ്ഞപ്പോള്‍ ഭര്‍ത്താവിനോടു വിവരം പറയുകയായിരുന്നു. പിന്നീടാണ് പരാതിയുമായി കുടുംബം മുന്നോട്ടു പോയതും മെഡിക്കല്‍ കോളജിനു മുന്നില്‍ യുവതിക്ക് സത്യഗ്രഹം ഇരിക്കേണ്ടതായി വന്നതും.