പതിവു പല്ലവി മാത്രം രാഹുലിനു മറുപടി

ന്യൂഡല്‍ഹി: തിരഞ്ഞെടുപ്പ് കമ്മീഷനെതിരേ രാഹുല്‍ ഗാന്ധി ഉയര്‍ത്തിയ ഗുരുതര ആരോപണത്തില്‍ ഒരു ഒഴുക്കന്‍ പ്രതികരണത്തിനപ്പുറം യാതാരു നടപടിയും കമ്മീഷനില്‍ നിന്ന് ഉണ്ടാകുന്നില്ല. സമീപകാല രാഷ്ട്രീയ പത്ര സമ്മേളനങ്ങളില്‍ നിന്നു വ്യത്യസ്തമായി തികച്ചും പ്രഫഷനല്‍ സ്വഭാവത്തിലുള്ളതും സംസാരിക്കുന്ന തെളിവുകളുടെ പിന്തുണയുള്ളതുമായിരുന്നു രാഹുലിന്റെ പത്ര സമ്മേളനമെങ്കിലും അതിനെ വെറും അസംബന്ധ വിശകലനം എന്നു വിശേഷിപ്പിക്കുക മാത്രമാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ ചെയ്തത്. ഒന്നുകില്‍ രാഹുല്‍ ഗാന്ധി പരാതി എഴുതി നല്‍കണം. അല്ലെങ്കില്‍ രാഷ്ട്രത്തെ തെറ്റിദ്ധരിപ്പിച്ചതിനു മാപ്പു പറയണം. ഇത്രയും പ്രസ്താവനയിലൊതുങ്ങി തിരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രതികരണം.
അതേ സമയം, വിജയിക്കാവുന്ന പല തിരഞ്ഞെടുപ്പുകളിലും പരാജയപ്പെട്ടതോടെയാണ് താന്‍ അന്വേഷണവുമായിറങ്ങിയതെന്ന് രാഹുല്‍ ഇന്നു പുറത്തുവിട്ട വീഡിയോയില്‍ പ്രതികരിച്ചു. ഒരു മണ്ഡലം പഠിക്കാന്‍ തന്നെ ആറു മാസമെടുത്തു. ഈ സാഹചര്യത്തില്‍ സമഗ്ര പഠനത്തിനായി തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഡിജിറ്റല്‍ ഡേറ്റ കൈമാറണമെന്നും രാഹുല്‍ ആവശ്യപ്പെട്ടു. തിരഞ്ഞെടുപ്പ് കമ്മീഷനോട് അദ്ദേഹം അഞ്ചു ചോദ്യങ്ങള്‍ ഉന്നയിക്കുകയും ചെയ്തു.
ഡിജിറ്റല്‍ ഡേറ്റ നല്‍കാത്തതെന്ത്, വീഡിയോ ദൃശ്യങ്ങള്‍ നല്‍കാത്തതെന്ത്, വോട്ടര്‍ പട്ടികയില്‍ വ്യാപക ക്രമക്കേടുകള്‍ നടത്തിയതെന്തിന്, മറുപടി നല്‍കാതെ പ്രതിപക്ഷത്തെ ഭീഷണിപ്പെടുത്തുന്നതെന്തിന്, ബിജെപിയുടെ ഏജന്റായി പ്രവര്‍ത്തിക്കുന്നതെന്തിന് എന്നിങ്ങനെയുള്ള ചോദ്യങ്ങളാണ് അദ്ദേഹം ഇന്നുന്നയിച്ചിരിക്കുന്നത്. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിലും മഹാരാഷ്ട്ര, കര്‍ണാടക, ഹരിയാന തിരഞ്ഞെടുപ്പുകളിലും വോട്ടര്‍ പട്ടികയില്‍ കൃത്രിമത്വവും വ്യാപകമായ വോട്ടു മോഷണവും നടത്തി എന്നതായിരുന്നു ഇന്നലത്തെ പത്രസമ്മേളനത്തില്‍ രാഹുലിന്റെ ആരോപണം.