ഡോ. ഹാരിസിനെ പൂട്ടാനുറച്ച് പുതുതന്ത്രം

തിരുവനന്തപുരം: മെഡിക്കല്‍ കോളജിലെ യൂറോളജി വകുപ്പ് മേധാവി ഡോ. ഹാരിസ് ചിറയ്ക്കല്‍ ഉപകരണ ക്ഷാമം സംബന്ധിച്ച് കുറിപ്പിട്ടതും അദ്ദേഹത്തെ പ്രതിക്കൂട്ടിലാക്കി സംസ്ഥാന സര്‍ക്കാര്‍ ഉപകരണ നഷ്ടത്തിന്റെ തലത്തിലേക്ക് സംഭവത്തെ വളര്‍ത്തിയതും പുതിയ മാനങ്ങളിലേക്കുയരുന്നു. ഡോ. ഹാരിസ് അവധിയിലിരിക്കെ അദ്ദേഹത്തിന്റെ മുറി തുറന്ന് പരിശോധന നടത്തുകയും ആ മുറിയില്‍ നിന്നു ചില യന്ത്രങ്ങളും അവയുടെ ബില്ലുകളും കണ്ടെത്തുകയും ചെയ്‌തെന്ന് പത്രസമ്മേളനം നടത്തി ആരോപിക്കുന്നിടം വരെയെത്തിയിരിക്കുന്നു കാര്യങ്ങള്‍. ഡോ. ഹാരിസിനെ പൂട്ടാനുള്ള കെണിയുടെ ഭാഗമാണീ സംഭവങ്ങളെന്ന ആരോപണം ഉയരുന്നു.
ഇന്നലെയായിരുന്നു പ്രിന്‍സിപ്പല്‍ ഡോ. പി കെ ജബ്ബാറും സൂപ്രണ്ട് ഡോ. സുനില്‍കുമാറും ഒരുമിച്ച് പത്രക്കാരെ കാണുന്നത്. അവര്‍ക്ക് പറയാനുണ്ടായിരുന്നത് മറ്റൊരു കഥയായിരുന്നു. അതിനു മുമ്പു തന്നെ ആരോ ഡോ. ഹാരിസിന്റെ മുറി അദ്ദേഹത്തിന് ഉള്ളില്‍ കടക്കാനാവാത്ത വിധം മറുതാഴിട്ട് പൂട്ടിയെന്നു മാത്രമല്ല അദ്ദേഹത്തെ സംശയമുനയില്‍ നിര്‍ത്തുന്ന രീതിയില്‍ പ്രചാരണം അഴിച്ചു വിടുകയും ചെയ്തിരുന്നു. ഡോ. ഹാരിസ് ഈ സംഭവം പൊതുജന ശ്രദ്ധയില്‍ കൊണ്ടുവന്നിരുന്നു. ഇതിനെതിരേയെന്ന രൂപത്തിലാണ് പ്രിന്‍സിപ്പലിന്റെയും മറ്റും ഇന്നലത്തെ പത്രസമ്മേളനം. ഓരോ ഘട്ടത്തിലും പുറത്തു നിന്നാരോ ഡോ. ജബ്ബാറിന് ഫോണില്‍ നിര്‍ദേശം നല്‍കുകയും അതിനനുസരിച്ച് അദ്ദേഹം പത്രസമ്മേളനം മുന്നോട്ടു കൊണ്ടുപോകുകയുമായിരുന്നു.
ഡോ. ഹാരിസിന്റെ മുറിയില്‍ താന്‍ അദ്ദേഹമറിയാതെ പരിശോധന നടത്തിയ കാര്യം ഡോ. ജബ്ബാര്‍ പത്രസമ്മേളനത്തില്‍ സമ്മതിച്ചു. രണ്ടു തവണയാണ് പരിശോധന നടത്തിയത്. ആദ്യ ദിവസത്തെ പരിശോധനയില്‍ മുറിയില്‍ നിന്ന് ഒരു ഉപകരണം കണ്ടെത്തിയിരുന്നു. രണ്ടാം ദിവസം വീണ്ടും നടത്തിയ പരിശോധനയില്‍ വേറൊരു ചെറിയ ഉപകരണവും കുറേ ബില്ലുകളും കണ്ടെത്തുകയും ചെയ്തിരുന്നുവെന്നു പറഞ്ഞു. ഇതേ സമയം അജ്ഞാതര്‍ ആരോ ഡോ. ഹാരിസിന്റെ മുറിയില്‍ കയറുന്നത് സിസി ടിവിയില്‍ പതിഞ്ഞിട്ടുണ്ടെന്നും ഡോ. ജബ്ബാര്‍ സമ്മതിച്ചു. എന്നാല്‍ ഈ ദൃശ്യങ്ങളില്‍ കൂടുതല്‍ അന്വേഷണം നടത്തിയിട്ടില്ലെന്നും അദ്ദേഹത്തിനു സമ്മതിക്കേണ്ടി വന്നു.
ഡോ. ഹാരിസ് സ്ഥലത്തില്ലാതിരിക്കേ അദ്ദേഹത്തിന്റെ മുറിയില്‍ അജ്ഞാതന്‍ കയറുന്നു, പിന്നീട് കോളജ് പ്രിന്‍സിപ്പല്‍ രണ്ടു തവണയായി കയറുന്നു, മുറിയില്‍ ഉപകരണങ്ങള്‍ കണ്ടെത്തുന്നതായി പറയുന്നു, മുറി മറ്റൊരു താഴിട്ടു പൂട്ടുന്നു, ഇതെല്ലാം കൂട്ടി വായിക്കുമ്പോള്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ കണ്ടതിലധികമാണ് അളയിലിരിക്കുന്നതെന്ന സൂചന ശക്തമാകുകയാണ്.