ന്യൂഡല്‍ഹി: മതപരമായ ആരോപണങ്ങള്‍ ഉന്നയിച്ച് ബജ്‌റംഗ്ദള്‍ അഴിച്ചു വിടുന്ന അതിക്രമങ്ങള്‍ വീണ്ടും പാര്‍ലമെന്റില്‍ ഉന്നയിക്കാന്‍ പ്രതിപക്ഷ കക്ഷികളുടെ തീരുമാനം. ഇതേ വിഷയത്തില്‍ പ്രതിഷേധം ശക്തമാക്കാന്‍ അഖിലേന്ത്യാ കത്തോലിക്കാ മെത്രാന്‍ സമിതിയായ സിബിസിഐ തീരുമാനിച്ചു. ആശങ്ക നിറഞ്ഞ സാഹചര്യമാണ് നിലനില്‍ക്കുന്നതെങ്ങും അസഹിഷ്ണുതയുടെ ഭാഗമാണ് അതിക്രമമെന്നും സിബിസിഐ വക്താവ് റോബിന്‍സണ്‍ റോഡ്രിഗ്‌സ് അഭിപ്രായപ്പെട്ടു.
ഈ വിഷയത്തില്‍ നിയമപരമായ നടപടികളെടുക്കുന്ന കാര്യം സഭയുടെ ആലോചനയിലാണെന്നും അദ്ദേഹം പ്രതികരിച്ചു. ഛത്തീസ്ഗഡില്‍ മലയാളികളായ കന്യാസ്ത്രീകള്‍ക്കു നേരേ നടന്ന ആക്രമണത്തിന്റെ പ്രതിഷേധം കെട്ടടങ്ങുന്നതിനു മുമ്പു തന്നെയാണ് ഒഡിഷയില്‍ രണ്ടു കത്തോലിക്ക വൈദികരും രണ്ടു കന്യാസ്ത്രീമാരും ആക്രമണത്തിനിരയായത്. രണ്ടു സംഭവങ്ങളിലും പ്രതി സ്ഥാനത്തു നില്‍ക്കുന്നത് സംഘപരിവാര്‍ ലോബിയില്‍ പെട്ട കടുത്ത നിലപാടുകാരായ ബജ്‌റംഗ്ദളാണ്.
ഒഡീഷയില്‍ ജലേശ്വര്‍ ഇടവകയിലെ വൈദികനായ മലയാളിയായ ഫാ. ലിജോ നിരപ്പേല്‍, ജോഡ ഇടവകയിലെ ഫാ. ജോജോ, രണ്ടു കന്യാസ്ത്രീമാര്‍ എന്നിവരാണ് ആക്രമണത്തിനിരയായത്. എഴുപതോളം പേരുടെ അക്രമി സംഘമാണ് ഇവരെ ആള്‍ക്കൂട്ട വിചാരണയ്ക്കിരയാക്കുകയും ആക്രമിക്കുകയും ചെയ്തത്. പോലീസിന്റെ സമയോചിതമായ ഇടപെടല്‍ കാരണമാണ് വൈദികര്‍ക്കും കന്യാസ്ത്രീമാര്‍ക്കും ജീവാപായം സംഭവിക്കാതിരുന്നതെന്നു റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. ക്രിസ്ത്യന്‍ സമുദായാംഗം തന്നെയായൊരാളുടെ മരണവാര്‍ഷികത്തില്‍ പ്രാര്‍ഥനാ ശുശ്രൂഷയ്‌ക്കെത്തിയതായിരുന്നു ഇവര്‍. പ്രാര്‍ഥന മാത്രമായിരുന്നു വരവിന്റെ ഉദ്ദേശ്യമെന്ന് സ്ത്രീകള്‍ അടക്കമുള്ള വിശ്വാസികള്‍ കരഞ്ഞു പറഞ്ഞിട്ടും അക്രമികള്‍ പിന്‍വാങ്ങിയില്ലത്രേ. അതേസമയം സംഭവത്തില്‍ പരാതി നല്‍കിയിട്ടും എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ പോലും പോലീസ് തയാറില്ലെന്ന് ആക്ഷേപമുണ്ട്.
മതവെറി അക്രമം ഒഡീഷയിലും, പ്രതിഷേധമുയരുന്നു
