സ്വര്‍ണത്തിന്റെ വഴിയേ വെള്ളിയും ഹാള്‍മാര്‍ക്കിങ്ങിലേക്ക്

ന്യൂഡല്‍ഹി: അടുത്ത മാസം മുതല്‍ ഹാള്‍മാര്‍ക്കിങ് വെള്ളി ആഭരണങ്ങള്‍ക്കും ഏര്‍പ്പെടുത്താന്‍ നീക്കം. പരീക്ഷണാടിസ്ഥാനത്തിലായിരിക്കും തുടക്കത്തില്‍ വെള്ളിക്ക് ഹാള്‍മാര്‍ക്കിങ് വരുകയെന്നറിയുന്നു. ആറു മാസത്തോളം പരീക്ഷണാടിസ്ഥാനത്തില്‍ തുടര്‍ന്ന ശേഷമായിരിക്കും ഇത് നിര്‍ബന്ധമാക്കി മാറ്റുക. വെള്ളിയുടെ മാറ്റിന്റെ അടിസ്ഥാനത്തില്‍ പല ഗ്രേഡുകളാണ് ഏര്‍പ്പെടുത്തുക. 99,97, 92.5, 90, 83.5, 80 എന്നിങ്ങനെ ആറു ഗ്രേഡുകളാണിപ്പോള്‍ ആലോചനയിലുള്ളത്.
സ്വര്‍ണാഭരണങ്ങള്‍ക്ക് മാത്രമാണിപ്പോള്‍ ഹാള്‍മാര്‍ക്കിങ് നിലവിലുള്ളത്. കേരളമാണ് സ്വര്‍ണാഭരണങ്ങള്‍ക്ക് രാജ്യത്ത് ആദ്യമായി ഹാള്‍മാര്‍ക്കിങ് നടപ്പാക്കിയ സംസ്ഥാനം. അതേ തുടര്‍ന്നാണ് ശുദ്ധതയുടെ അടിസ്ഥാനമായി 91.6 എന്ന സംഖ്യ പ്രത്യക്ഷപ്പെടാന്‍ തുടങ്ങിയതു തന്നെ. ഇതില്‍ നിന്ന് ഒരു പടി കൂടി മുന്നിലേക്കു പോയി കുറച്ചു കൂടി കാര്യക്ഷമമാക്കാനുള്ള ആലോചനയും ബ്യൂറോ ഓഫ് ഇന്ത്യന്‍ സ്റ്റാന്‍ഡാര്‍ഡ്‌സില്‍ നടക്കുന്നുണ്ട്. ഓരോ ആഭരണത്തിന്റെയും യുണീക് ഹാള്‍മാര്‍ക്കിങ് നമ്പര്‍ ബിഐഎസിന്റെ വെബ്‌സൈറ്റില്‍ പരസ്യപ്പെടുത്തണമെന്ന തീരുമാനമാണ് പുതുതായി വരുന്നത്. ഉപഭോക്താക്കള്‍ക്ക് തങ്ങള്‍ ഉപയോഗിക്കുന്ന ആഭരണത്തിന്റെ ശുദ്ധതയും മറ്റു വിവരങ്ങളും കൃത്യമായി ട്രാക്ക് ചെയ്തു കണ്ടു പിടിക്കാന്‍ സാധിക്കുമെന്നതാണ് ഇതിന്റെ മേന്മ.