സിഡ്‌നി: പറയുന്നതു പ്രശസ്ത ഡോക്ടറാകുമ്പോള്‍ വിശ്വസിക്കാതെ വയ്യ, തുകയുടെ വലുപ്പമോര്‍ക്കുമ്പോള്‍ ഞെട്ടാതെയും വയ്യ. ഈ അവസ്ഥയിലേക്കാണ് കഴിഞ്ഞ ദിവസം പുറത്തിറങ്ങിയൊരു ടിക് ടോക് വീഡിയോ ഓസ്‌ട്രേലിയക്കാരെയെത്തിച്ചിരിക്കുന്നത്. അമേരിക്കന്‍ ചികിത്സാരംഗം വലിയ തട്ടിപ്പിന്റെ കൂത്തരങ്ങാണെന്നാണ് വീഡിയോയില്‍ ഡോ. മൈക്കിള്‍ സേയ്‌സ് സ്ഥാപിക്കുന്നത്. ഇതിനകം 27 ലക്ഷം കാഴ്ചക്കാരിലേക്കാണീ വീഡിയോ എത്തിയിരിക്കുന്നത്്.
അദ്ദേഹം നിരത്തുന്ന കണക്കുകളിങ്ങനെ. ഒരു സാല്‍ബുട്ടാമോള്‍ ഇന്‍ഹേലറിന് സ്‌കോട്ട്‌ലന്‍ഡില്‍ വിലയേ കൊടുക്കേണ്ട, ഓസ്‌ട്രേലിയയിലാണെങ്കില്‍ അതിന് ഏഴു ഓസ്‌ട്രേലിയന്‍ ഡോളര്‍ മാത്രമാണ് വില. അതേ സമയം അമേരിക്കയിലെ വില 77 അമേരിക്കന്‍ ഡോളര്‍. ബ്ലൂ ഇന്‍ഹേലര്‍ എന്നു വിളിപ്പേരുള്ള സര്‍വസാധാരണമായ ഇന്‍ഹേലറിന്റെ കാര്യം ഇങ്ങനെയാണെങ്കില്‍ കൊളസ്റ്ററോള്‍ രോഗികള്‍ക്ക് ഏറ്റവുമധികം കുറിക്കപ്പെടുന്ന അറ്റോര്‍വസ്റ്റാറ്റിന്റെ കാര്യം അതിലേറെ വിസ്മയകരമാണ്. ഓസ്‌ട്രേലിയയില്‍ വെറും 6.7 ഡോളര്‍ മാത്രം ഇതിനു വില വരുമ്പോള്‍ അമേരിക്കയില്‍ 2,628 അമേരിക്കന്‍ ഡോളറാണത്രേ വില ഹൃദയസംബന്ധമായ ആരോഗ്യം കാക്കാന്‍ ഏറ്റവുമധികം രോഗികള്‍ സര്‍വസാധാരണമായി ഉപയോഗിക്കുന്ന മരുന്നാണിത്. ഹെപ്പറ്റൈറ്റിസ് സിയുടെ ചികിത്സയില്‍ ഉപയോഗിക്കുന്ന സോഫോസ്ബുവിറിന്റെ കാര്യവും ഇങ്ങനെ തന്നെ. 84000 അമേരിക്കന്‍ ഡോളറാണ് ഇതിന് അവിടെ വിലയിട്ടിരിക്കുന്നത്. എന്നാല്‍ ഓസ്‌ട്രേലിയയിലാകട്ടെ വില 31.6 ഓസ്‌ട്രേലിയന്‍ ഡോളര്‍ മാത്രവും.
ഈ വിവരണമൊക്കെ ഡോക്ടര്‍ അവസാനിപ്പിക്കുന്നത് എന്റെ ദൈവമേ എന്നൊരു വിളിയോടെയാണ്. ഓസ്‌ട്രേലിയയിലും സ്‌കോട്ട്‌ലന്‍ഡിലുമൊക്കെ സോഷ്യലിസ്റ്റ് ആരോഗ്യരക്ഷാ ക്രമീകരണമാണുള്ളതെന്നാണ് ഡോക്ടറുടെ അവസാന നിഗമനം. അമേരിക്കയില്‍ ഇല്ലാത്തതും ഇതു തന്നെ. അദ്ദേഹം പറയുന്നു.
എന്റെ ദൈവമേ, മരുന്നില്‍ ഇങ്ങനെയൊക്കെയോ
