കണ്ണൂര്‍: പാപ്പിനിശേരിയില്‍ പതിനേഴുകാരി പ്രസവിച്ചു. ഭര്‍ത്താവ് പോലീസ് പിടിയില്‍. സേലം സ്വദേശിയായ മുപ്പത്തിനാലുകാരനാണ് ഭര്‍ത്താവ്. ഇയാള്‍ക്കെതിരേ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുമായി ബന്ധപ്പെട്ടതിന് പോക്‌സോ കേസ് ചുമത്തി വളപട്ടണം പോലീസ് കസ്റ്റഡിയിലെടുത്തു. ഇയാളുടെ ഭാര്യയായ പെണ്‍കുട്ടിയും സേലം സ്വദേശിയാണ്.
ഇവരുടെ വിവാഹം നടന്നത് സ്വദേശത്തു വച്ചു തന്നെയായിരുന്നു. അതും ആചാരപ്രകാരം ബന്ധുക്കളുടെയും മറ്റും സാന്നിധ്യത്തില്‍. അവിടെ ഈ വിവാഹം ആരും വിശേഷാല്‍ ശ്രദ്ധിച്ചതുമില്ല. വിവാഹശേഷം ഇരുവരും പാപ്പിനിശേരിയിലെത്തി താമസമാക്കുകയായിരുന്നു. പെണ്‍കുട്ടിയുടെ പ്രസവം നടന്നത് പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയിലായിരുന്നു. ആശുപത്രിയില്‍ പ്രവേശിപ്പിക്കുമ്പോള്‍ പ്രായം തിരക്കിയ അധികൃതരോട് പെണ്‍കുട്ടി തന്നെയാണ് പതിനേഴു വയസെന്നു പറയുന്നത്. വിവാഹത്തിന് നിയമപ്രകാരം അനുവദനീയമായ പ്രായമെത്താത്തതിനാല്‍ ആശുപത്രി അധികൃതര്‍ പോലീസില്‍ അറിയിക്കുകയായിരുന്നു. പാപ്പിനിശേരി പോലീസ് ആശുപത്രിയിലെത്തി പെണ്‍കുട്ടിയുടെ മൊഴിയെടുത്ത ശേഷം ഭര്‍ത്താവിനെ അറസ്റ്റ് ചെയ്യുകയായിരുന്നു. കോടതിയില്‍ ഹാജരാക്കിയ യുവാവിനെ റിമാന്‍ഡ് ചെയ്ത് ജയിലിലേക്കയച്ചു.
പതിനേഴുകാരി പ്രസവിച്ചു, ഭര്‍ത്താവ് അറസ്റ്റില്‍
