ബി നിലവറ തുറക്കുമോ, ചര്‍ച്ചകള്‍ വീണ്ടും

തിരുവനന്തപുരം: ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ നിലവറകള്‍ വീണ്ടും ചര്‍ച്ചയാകുന്നു. ബി നിലവറ തുറക്കുന്ന കാര്യം ഭരണ, ഉപദേശക സമിതികളുടെ സംയുക്ത യോഗത്തില്‍ ചര്‍ച്ചയായതോടെയാണ് വീണ്ടും വിലമതിക്കാനാവാത്ത സ്വര്‍ണത്തിന്റെ കലവറയായ ബി നിലവറ പൊതുജന ശ്രദ്ധയിലേക്കെത്തുന്നത്. നിലവറ തുറക്കുന്ന കാര്യത്തില്‍ ഭരണ സമിതിക്കു തീരുമാനമെടുക്കാമെന്നാണ് ഇതു സംബന്ധിച്ച് സുപ്രീം കോടതി പറഞ്ഞിരുന്നത്. എന്നാല്‍ തന്ത്രിമാര്‍ ഉള്‍പ്പെടെയുള്ളവരുമായി ആലോചിച്ചു മാത്രമേ അന്തിമ തീരുമാനമെടുക്കാവൂ എന്നാണ് ഭരണ സമിതിയുടെ തീരുമാനം.
പതിനാലു വര്‍ഷം മുമ്പ് കോടതിയുടെ നിര്‍ദേശപ്രകാരം ബി നിലവറ ഒഴികെയുള്ള നിലവറകള്‍ തുറന്നു പരിശോധിച്ചിരുന്നതാണ്. ഇവയില്‍ നിന്നു കോടിക്കണക്കിനു രൂപയുടെ നിധി ശേഖരമാണ് അന്നു കണ്ടെത്തിയത്. എന്നാല്‍ ബി നിലവറ തുറക്കുന്നതിനെതിരേ പ്രതിഷേധം ഉയര്‍ന്ന സാഹചര്യത്തില്‍ അതു തുറക്കാതെ വിടുകയായിരുന്നു. ആചാര ലംഘനത്തിന്റെ പ്രശ്‌നമാണ് നിലവറ തുറക്കുന്നതിനെതിരേ നിലപാടെടുത്തവര്‍ ഉയര്‍ത്തിയത്. എന്നാല്‍ ഇതേ ബി നിലവറ 1990 ലും 2002ലുമായി ഏഴു തവണ തുറന്നിട്ടുള്ളതായി സുപ്രീം കോടതി നിയോഗിച്ച പ്രത്യേക ഓഡിറ്റര്‍ വിനോദ് റായി കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. എന്നാല്‍ നിലവറയുടെ ആദ്യ അറ മാത്രമേ തുറന്നിട്ടുള്ളൂ എന്ന നിലപാടിലാണ് തിരുവിതാംകൂര്‍ രാജകുടുംബം.