വക്കീലില്ലാതെ സെബാസ്റ്റിയന്‍, കസ്റ്റഡി നീട്ടി നല്‍കി

ഏറ്റുമാനൂര്‍: ജെയ്‌നമ്മയുടെ തിരോധാന കേസുമായി ബന്ധപ്പെട്ട് പോലീസ് കസ്റ്റഡിയിലുള്ള സെബാസ്റ്റിയനായി ഹാജരാകാന്‍ ഒരു വക്കീല്‍ പോലുമില്ല. അപൂര്‍വമായ ഈ സാഹചര്യത്തില്‍ ഇയാള്‍ക്ക് നിയമസഹായം ഉറപ്പു വരുത്തണമെന്ന് കോടതി ആവശ്യപ്പെട്ടു. സെബാസ്റ്റ്യന്റ് കസ്റ്റഡി കാലാവധി നീട്ടണമെന്ന ആവശ്യവുമായി പോലീസ് ഏറ്റുമാനൂര്‍ ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് കോടതിയിലെത്തിയപ്പോഴാണ് ഇയാള്‍ക്ക് വക്കീലിന്റെ സേവനം ലഭിച്ചില്ലെന്ന കാര്യം വ്യക്തമായത്.
പ്രതിയുടെ കസ്റ്റഡി ഏഴു ദിവസം കൂടി നീട്ടി നല്‍കണമെന്നായിരുന്നു പോലീസിന്റെ ആവശ്യം. കൂടുതല്‍ ചോദ്യം ചെയ്യാനും ശാസ്ത്രീയമായി തെളിവു ശേഖരിക്കാനും കൂടുതല്‍ സമയം ആവശ്യമാണെന്നായിരുന്നു അന്വേഷണ സംഘത്തിന്റെ ആവശ്യം. കോടതി ഓഗസ്റ്റ് പന്ത്രണ്ടു വരെ പ്രതിയെ പോലീസ് കസ്റ്റഡിയില്‍ വിട്ടുകൊണ്ട് ഉത്തരവായി.
ജെയ്‌നമ്മയുടെ തിരോധാനത്തിനു പുറമെ മറ്റു രണ്ടു മധ്യവയസ്‌കകളുടെ തിരോധാനവുമായി ബന്ധപ്പെട്ടും സെബാസ്റ്റ്യന്‍ സംശയത്തിന്റെ നിഴലിലാണ്. ഇവര്‍ ഇരുവരും സെബാസ്റ്റ്യന്റെ ക്രൂരതയ്ക്ക് ഇരയായി മാറിയിട്ടുണ്ടെന്ന ഉറച്ച വിശ്വാസത്തിലാണ് അന്വേഷണ സംഘം കേസുമായി മുന്നോട്ടു പോകുന്നത്. ഇതിനിടെ സെബാസ്റ്റിയന്റെ ഭാര്യയെയും സുഹൃത്ത് റോസമ്മയെയും കൂടുതല്‍ ചോദ്യം ചെയ്യാനുള്ള തയാറെടുപ്പിലുമാണ് പോലീസ്.