മേരിലാന്‍ഡ്: ജനനം കൊണ്ടു മാത്രം ഇറാന്‍കാരനായ അമേരിക്കന്‍ പൗരനെ ഇന്നു വരെ അയാള്‍ കണ്ടിട്ടേയില്ലാത്ത ഓസ്ട്രേലിയയിലേക്ക് നാടുകടത്താന്‍ അമേരിക്കന്‍ ഭരണകൂടം. നാല്പതു വര്‍ഷമായി അമേരിക്കയില്‍ താമസമാക്കിയിരിക്കുന്ന റേസ സവാറിനാണ് ഓസ്ട്രേലിയയിലേക്ക് നാടുകടത്തപ്പെടാന്‍ തയാറായിരിക്കണമെന്നാവശ്യപ്പെട്ട് അധികൃതരില്‍ നിന്നു നോട്ടീസ് കിട്ടിയിരിക്കുന്നത്. റേസയ്ക്ക് 52 വയസാണിപ്പോള്‍. ഏതു ന്യായീകരണത്തിലാണ് നാടുകടത്തപ്പെടേണ്ട രാജ്യമായി ഓസ്ട്രേലിയയെ തിരഞ്ഞെടുത്തിരിക്കുന്നതെന്ന് അധികൃതരാരും വ്യക്തമാക്കിയിട്ടുമില്ല. അമേരിക്കയിലെ ഇമിഗ്രേഷന്‍ ആന്‍ഡ് കസ്റ്റംസ് എന്‍ഫോഴ്സ്മെന്റ് വിഭാഗം റേസയെ ഇപ്പോള്‍ ഒഹിയോയിലെ ജയിലിലാക്കിയിരിക്കുകയാണ്. യുഎസ് ഗവണ്മെന്റ് ഈ തീരുമാനം ഔദ്യോഗികമായി തങ്ങളെ അറിയിച്ചിട്ടില്ലെന്നാണ് ഓസ്ട്രേലിയന്‍ അധികൃതര്‍ പറയുന്നത്.
കേവലം പന്ത്രണ്ട് വയസു മാത്രം പ്രായമുള്ളപ്പോള്‍ ഇറാനില്‍ നിന്ന് സ്വന്തം കുടുംബത്തോടൊപ്പം അമേരിക്കയിലേക്ക് കുടിയേറിയതാണ് റേസ സവാര്‍. ഇദ്ദേഹത്തിന്റെ കുടുംബത്തില്‍ അമേരിക്കന്‍ പൗരത്വമില്ലാത്തത് റേസയ്ക്കു മാത്രമാണ്. നേരത്തെ പൗരത്വമുണ്ടായിരുന്നെങ്കിലും മാരിജുവാന കൈവശം കണ്ടെത്തി എന്ന കാരണത്താല്‍ 2004ല്‍ റദ്ദായിരുന്നു. എന്നാല്‍ ഇറാനിലേക്കു തിരിച്ചയയ്ക്കരുതെന്ന സര്‍ട്ടിഫിക്കറ്റ് ഇപ്പോഴും കൈവശമുള്ളതിനാല്‍ റേസയ്ക്ക് അമേരിക്കയില്‍ തന്നെ തുടരാമെന്ന നിലപാടിലായിരുന്നു ഇതുവരെ ഇമിഗ്രേഷന്‍ അധികൃതര്‍. ഇതേ സര്‍ട്ടിഫിക്കറ്റ് കാരണം തന്നെയാണ് റേസയെ തിരികെ ഇറാനിലേക്ക് അയയ്ക്കേണ്ടെന്ന് ഇപ്പോള്‍ തീരുമാനിച്ചിരിക്കുന്നതും.
എന്തായാലും അധികൃതരുടെ ഈ നിലപാടിനെതിരേ കോടതിയെ സമീപിക്കാന്‍ റേസയുടെ ബന്ധുക്കലും സുഹൃത്തുക്കളും തീരുമാനിച്ചിരിക്കുകയാണ്. അതിനാവശ്യമായ പണം പിരിവെടുത്തു സമാഹരിക്കാനാണ് തീരുമാനം. ഇത്രയും കാലം ഏറ്റവും സമാധാനപരമായും സമൂഹത്തിനു മുഴുവന്‍ ഗുണകരമാകുന്ന രീതിയിലും കുടുംബജീവിതം നയിച്ചുവരികയായിരുന്നു ഇദ്ദേഹമെന്ന് പ്രദേശവാസികളെല്ലാവരും സാക്ഷ്യപ്പെടുത്തുന്നു. പ്രായമായവരെ സഹായിക്കുന്നതിലും ഭക്ഷണമില്ലാത്തവര്ക്കായി സ്വന്തം ഭവനത്തില്‍ സാന്ഡ്വിച്ച് തയാറാക്കി വിതരണം ചെയ്തും അനാഥ നായ്ക്കളെ സംരക്ഷിച്ചുമൊക്കെയായിരുന്നു റേസയുടെ ജീവിതം. അത്തരമൊരു നായയുമായി വൈകുന്നേരം സവാരിക്കിറങ്ങിയപ്പോഴാണ് റേസ പോലീസിന്റെ പിടിയിലാകുന്നതും.
നാടുകടത്തലിലെന്തു ന്യായം, ഓസ്ട്രേലിയ റേസക്കെന്ത്
