പൊളളിപ്പണിയെടുക്കുന്നവര്‍ക്ക് തുള്ളി കാരുണ്യം

മനാമ: ചൂടിന്റെ കാഠിന്യമേറുന്ന വേനല്‍കാലത്ത് ബഹറിനിലെ തൊഴിലാളികള്‍ക്ക് ആശ്വാസമായി പ്രവാസി വെല്‍ഫെയറിന്റെ ജനസേവന വിഭാഗമായ വെല്‍കെയര്‍. തുറസായ സ്ഥലങ്ങളില്‍ ജോലി ചെയ്യുന്ന തൊഴിലാളികള്‍ക്ക് പഴവര്‍ഗങ്ങള്‍, ജ്യൂസ്, കുടിവെളളം തുടങ്ങിയവ വിതരണം ചെയ്യുന്ന ഇവരുടെ പ്രവര്‍ത്തനം പ്രവാസികള്‍ എല്ലാവരുടെയും അഭിനന്ദനത്തിന് ഇടയാക്കിയിരിക്കുകയാണ്. തൊഴിലാളികളുടെ ആരോഗ്യത്തിനും ക്ഷേമത്തിനും മുന്‍ഗണന നല്‍കിപ്രവര്‍ത്തിക്കുക എന്നതാണ് വെല്‍കെയറിന്റെ നേതൃത്വത്തില്‍ പ്രവാസി ആശ്വാസ് എന്നു പേരിട്ടിരിക്കുന്ന ഈ പദ്ധതിയുടെ ലക്ഷ്യം.
വിവിധ സാമൂഹിക സംഘടനകളുടെയും, സ്ഥാപനങ്ങളുടെയും പിന്തുണയോടെയാണ് ഗഫൂള്‍, മനാമ, സല്‍മാനിയ തുടങ്ങിയ സ്ഥലങ്ങളില്‍ ഇത്തരത്തില്‍ പഴങ്ങളും പാനീയങ്ങളും അടങ്ങിയ കിറ്റുകളും മറ്റും വിതരണം ചെയ്യുന്നത്. തൊഴിലാളികള്‍ക്ക് ഏറെ ആശ്വാസം പകരുന്ന ഈ ക്ഷേമസംരഭത്തിന് സഹകരണവുമായി പിന്നണിയില്‍ പ്രവര്‍ത്തിക്കുന്നവരേറെയാണ്. പ്രവാസി വെല്‍ഫെയര്‍ ജനറല്‍ സെക്രട്ടറി സി.എം. മുഹമ്മദലിയുടെ നേതൃത്വത്തില്‍ വെല്‍കെയര്‍ കോഡിനേറ്റര്‍മാരായ ബഷീര്‍ വൈക്കിലശ്ശേരി, മൊയ്തു തിരുവള്ളൂര്‍, രാജീവ് നാവായിക്കുളം, ഫസല്‍ റഹ്‌മാന്‍, ഇര്‍ഷാദ് കോട്ടയം എന്നിവരാണ് ഈ സംരഭത്തിന് നേത്യത്വം നല്‍കുന്നത്.
വ്യവസായ പ്രമുഖന്‍ ഷംസുദ്ദീന്റെ പിന്തുണയോടെയാണ് ഈ സംരംഭം ആരംഭിച്ചത്. ചുടുകനക്കുന്ന സാഹചര്യത്തില്‍ വരും നാളുകളില്‍ കിറ്റ് വിതരണം തുടരുമെന്ന് വെല്‍കെയര്‍ കണ്‍വീനര്‍ മുഹമ്മദലി മലപ്പുറം അറിയിച്ചു. വെല്‍കെയര്‍ പ്രവാസ് ആശ്വാസ് പദ്ധതിയുമായി സഹകരിച്ച് ഒപ്പം നില്‍ക്കാന്‍ താത്പര്യമുളള ആര്‍ക്കും 36703663 എന്ന നമ്പറില്‍ ബന്ധപ്പെടാം.