പണച്ചാക്ക് ജഡ്ജിക്ക് പണി പോകും, ശാസന വേറെയും

ന്യൂഡല്‍ഹി: ഔദ്യോഗിക വസതിയോടു ചേര്‍ന്നുള്ള കെട്ടിടത്തില്‍ നിന്നു ചാക്കുകള്‍ നിറയെ നോട്ടുകെട്ടുകള്‍ കണ്ടെടുത്ത കേസില്‍ ഡല്‍ഹി ഹൈക്കോടതി മുന്‍ ജഡ്ജി യശ്വന്ത് വര്‍മയെ ഇംപീച്ച് ചെയ്യാനുള്ള തീരുമാനത്തിനെതിരേ അദ്ദേഹം നല്‍കിയ ഹര്‍ജി സുപ്രീം കോടതി തള്ളി. ഇദ്ദേഹത്തെ ഇംപീച്ച് ചെയ്യാന്‍ അന്വേഷണം നടത്തിയ ആഭ്യന്തര സമിതിയായിരുന്നു ശുപാര്‍ശ ചെയ്തിരുന്നത്. ഇതിനെ തടയണമെന്നാവശ്യപ്പെട്ടായിരുന്നു ജസ്റ്റിസ് വര്‍മയുടെ ഹര്‍ജി.
ആഭ്യന്തര അന്വേഷണ സമിതിയെ നിയോഗിച്ചതും സുപ്രീംകോടതി തന്നെയായിരുന്നു. ഈ സമിതിയും അന്നത്തെ ചീഫ് ജസ്റ്റിസ് സഞ്ജീവ് കുമാര്‍ ഇതു സംബന്ധിച്ചു നല്‍കിയ ശുപാര്‍ശയ്ക്കും നിയമപരമായ അംഗീകാരവും ഭരണഘടനാപ്രകാരമുള്ള സാധുതയുമുണ്ടെന്നാണ് കോടതി കണ്ടെത്തിയത്. ഹര്‍ജി പരിഗണനാര്‍ഹം പോലുമല്ലെന്നു നിരീക്ഷിച്ച കോടതി ഇത്തരമൊരു ഹര്‍ജിയുമായി കോടതിയിലെത്തിയ ജസ്റ്റിസ് വര്‍മയെ ശാസിക്കുകയും ചെയ്തു.
കഴിഞ്ഞ മാര്‍ച്ച് 14ന് ജസ്റ്റിസ് വര്‍മയുടെ ഡല്‍ഹിയിലെ ഔദ്യോഗിക വസതിയില്‍ തീപ്പിടുത്തമുണ്ടായപ്പോഴാണ് കണക്കില്‍ പെടാത്ത പണം പൊതുശ്രദ്ധയില്‍ വരുന്നത്. ഇവയില്‍ ഒട്ടേറെ തുക പാതി മാത്രം കത്തിയ നിലയില്‍ ലഭിക്കുകയും ചെയ്തിരുന്നു. ഇതേ തുടര്‍ന്നുണ്ടായ വിവാദത്തിനൊടുവില്‍ ജസ്റ്റിസ് വര്‍മയെ അലഹാബാദ് ഹൈക്കോടതിയിലേക്ക് സ്ഥലം മാറ്റിയിരുന്നു. അതിനൊപ്പം സുപ്രീം കോടതി നേരിട്ട് ആഭ്യന്തര അന്വേഷണ സമിതിയെ നിയോഗിക്കുകയും ചെയ്തു. ആ സമിതിയാണ് ഇംപീച്ച്‌മെന്റ് ശുപാര്‍ശ ചെയ്തു കൊണ്ടു റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരിക്കുന്നത്.