ബെംഗളുരൂ: കാമവെറി തീര്‍ത്തതിനു ശേഷം അതിജീവിതയില്‍ നിന്നു ബലമായി കൈവശപ്പെടുത്തിയ ഉടുതുണിയാണ് അതേ കേസില്‍ ജീവപര്യന്തം ശിക്ഷ ലഭിച്ച മുന്‍ എംപി പ്രജ്വല്‍ രേവണ്ണയ്ക്കു കുരുക്കായി മാറിയതെന്ന് ഇന്ത്യാ ടുഡേ റിപ്പോര്‍ട്ട് ചെയ്യുന്നു.
തന്റെ ഫാം ഹൗസിലെ ജീവനക്കാരിയായ നാല്പത്തേഴുകാരിയെ ബലാല്‍സംഗം ചെയ്യുകയും അതിന്റെ ദൃശ്യങ്ങള്‍ ക്യാമറയിലാക്കി സൂക്ഷിക്കുകയും മാത്രമല്ല പ്രജ്വല്‍ ചെയ്തത്. അവര്‍ ആ സമയം ധരിച്ചിരുന്ന സാരി ബലമായി പിടിച്ചുവാങ്ങി ഒരു മെമന്റോ പോലെ സൂക്ഷിക്കുകയും ചെയ്തു. ഫാം ഹൗസിന്റെ തട്ടിന്‍പുറത്തായിരുന്നു സാരി ഒളിപ്പിച്ചിരുന്നത്. പോലീസ് അന്വേഷണത്തിനിറങ്ങിയപ്പോള്‍ കേസിലെ ഏറ്റവും വിലപ്പെട്ട തെളിവായി ഇതേ സാരി തന്നെ മാറുകയും ചെയ്തു.
ആക്രമണം നേരിടുന്ന സമയത്ത് ധരിച്ചിരുന്ന വസ്ത്രത്തെക്കുറിച്ച് അന്വേഷണ വേളയില്‍ അതിജീവിതയോടു പോലീസ് ചോദിച്ചിരുന്നു. അപ്പോഴാണവര്‍ സാരിക്കഥ പറയുന്നത്. എന്നിട്ട് ആ വസ്ത്രം ഇപ്പോള്‍ എവിടെയാണെന്നറിയാമോ എന്നായി അടുത്ത ചോദ്യം. അത് പ്രജ്വലിന്റെ ഫാംഹൗസില്‍ തന്നെ കാണാനാണ് സാധ്യതയെന്ന് അവര്‍ ഉത്തരം കൊടുക്കുകയും ചെയ്തു. തുടര്‍ന്ന് ഫാം ഹൗസില്‍ അന്വേഷിച്ച പോലീസ് തട്ടിന്‍പുറത്തു നിന്ന് സാരി കണ്ടെടുത്തു.
ഈ സാരിയില്‍ നിന്നു ഫോറന്‍സിക് പരിശോധനയില്‍ പുരുഷബീജത്തിന്റെ സാന്നിധ്യം സ്ഥിരീകരിക്കാനായി. പ്രജ്വലിന്റെ ഡിഎന്‍എ പരിശോധനയില്‍ ബീജത്തിന്റെ ഡിഎന്‍എയും ഇതും ഒന്നു തന്നെയാണെന്നു കണ്ടെത്തുകയാണുണ്ടായത്. കോടതിക്ക് ഇതിലധികം തെളിവുകള്‍ വേണ്ടായിരുന്നു. അതിജീവിത വളരെ ശക്തമായി തന്നെ തെളിവു കൊടുക്കുകയും ചെയ്തപ്പോഴേ പ്രജ്വലിനു ശിക്ഷ ഉറപ്പായതാണ്. ജീവപര്യന്തം തടവും പതിനൊന്നു ലക്ഷം രൂപ പിഴയുമാണ് പ്രജ്വലിനു ശിക്ഷയായി ലഭിച്ചത്.
ഓര്‍മയ്ക്കൊരു സാരി, കുരുക്കായതും അതേ സാരി
