ന്യൂഡല്‍ഹി: ഒരൊറ്റ പാര്‍ലമെന്റ് മണ്ഡലത്തിലെ മാത്രം വോട്ടില്‍ ആറിലൊന്ന് വ്യാജവോട്ടുകളാണെന്ന ഗുരുതര ആരോപണം തിരഞ്ഞെടുപ്പ് കമ്മീഷനെതിരേ ഉയര്‍ത്തി ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. കര്‍ണാടകത്തിലെ ബാംഗ്ലൂര്‍ സെന്‍ട്രല്‍ പാര്‍ലമെന്റ് മണ്ഡലത്തില്‍ ആകെയുള്ള ആറര ലക്ഷം വോട്ടുകളില്‍ ഒരു ലക്ഷത്തിലധികവും വ്യാജ വോട്ടുകളാണെന്ന് രാഹുല്‍ ഗാന്ധി സ്ഥാപിക്കുന്നത് കണക്കുകളുടെ അടിസ്ഥാനത്തിലാണ്.
ബാംഗ്ലൂര്‍ സെന്‍ട്രല്‍ മണ്ഡലത്തില്‍ ഏഴ് അസംബ്ലി മണ്ഡലങ്ങളാണ് ഉള്‍പ്പെടുന്നത്. അതില്‍ ആറു മണ്ഡലങ്ങളിലെ വോട്ടുകള്‍ എണ്ണിക്കഴിഞ്ഞപ്പോള്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി 85000 വോട്ടുകള്‍ക്ക് മുന്നിലായിരുന്നു. എന്നാല്‍ മഹാദേവപുര എന്ന ഒരൊറ്റ അസംബ്ലി മണ്ഡലത്തില്‍ മാത്രം ബിജെപി സ്ഥാനാര്‍ഥിക്ക് ലഭിച്ച ലീഡ് 1,14,000 വോട്ടുകള്‍. അവസാനം ബിജെപി സ്ഥാനാര്‍ഥി 35000 വോട്ടിനു വിജയിക്കുകയും ചെയ്തു. ഇതിനു പിന്നില്‍ കൃത്യമായ കള്ളത്തരമാണുള്ളതെന്ന് രാഹുല്‍ ഗാന്ധി മാധ്യമസമ്മേളനത്തില്‍ ആരോപിച്ചു.
ഇത് ഒരു പാര്‍ലമെന്റ് മണ്ഡലത്തിലെ മാത്രം കാര്യമല്ല. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിലും മഹാരാഷ്ട്ര, ഹരിയാന എന്നിവിടങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പുകളിലും ഇതേ രീതിയില്‍ തന്നെ വോട്ടു മോഷണം നടന്നതായി അദ്ദേഹം ചൂണ്ടിക്കാട്ടി. ഇല്ലാത്ത വിലാസത്തിലാണ് വന്‍തോതില്‍ വോട്ടര്‍മാര്‍ പട്ടികയില്‍ പ്രത്യക്ഷപ്പെട്ടത്. ഒരേ വിലാസത്തില്‍ തന്നെ വളരെയധികം വോട്ടര്‍മാര്‍, പല സംസ്ഥാനങ്ങളില്‍ ഒരേയാള്‍ക്കു തന്നെ വോട്ട് ഇതെല്ലാം വോട്ടര്‍പട്ടികയില്‍ കാണാന്‍ സാധിക്കുന്ന തിരിമറികള്‍ക്കു തെളിവാണെന്ന് അദ്ദേഹം പറഞ്ഞു. ഇത്തരം തിരിമറികള്‍ നടന്നതിന്റെ തെളിവുകള്‍ വീഡിയോ വാളില്‍ നിരത്തിയാണ് രാഹുല്‍ മാധ്യമപ്രവര്‍ത്തകരെ അഭിസംബോധന ചെയ്തത്.
വോട്ടര്‍മാരില്‍ ചിലരുടെ പിതാവിന്റെ പേരിന്റെ സ്ഥാനത്ത് ചില അക്ഷരങ്ങള്‍ മാത്രമാണുള്ളത്. എഴുപതാം വയസില്‍ കന്നിവോട്ടര്‍മാരായി പ്രത്യക്ഷപ്പെട്ടവരും നിരവധി. പലരുടെയും വീട്ടു നമ്പര്‍ ചേര്‍ക്കേണ്ട സ്ഥാനത്ത് പൂജ്യം എന്നെഴുതി ചേര്‍ത്തിരിക്കുകയാണ്. ഇങ്ങനെയെല്ലാമാണ് രാജ്യത്ത് വോട്ടു മോഷണം നടക്കുന്നതെന്ന് രാഹുല്‍ ആരോപിച്ചു.
മഹാരാഷ്ട്രയില്‍ അഞ്ചു വര്‍ഷം കൊണ്ടു പുതുതായി ചേര്‍ത്തതിനെക്കാള്‍ വോട്ടുകളാണ് അഞ്ചുമാസം കൊണ്ടു ചേര്‍ത്തത്. വൈകുന്നേരം അഞ്ചു മണിക്കു ശേഷം പല മണ്ഡലങ്ങളിലും വോട്ടിങ്ങില്‍ വലിയ കുതിച്ചുചാട്ടമാണ് ഉണ്ടായത്. മഹാരാഷ്ട്രയില്‍ മാത്രം നാല്‍പതു ലക്ഷത്തിലധികമാണ് ദുരൂഹ വോട്ടര്‍മാരുടെ എണ്ണം. രാഹുല്‍ ആരോപിച്ചു.
വോട്ടര്‍ പട്ടിക അടിമുടി കളവ്, രാഹുല്‍ ഗാന്ധി
