ലഹരി കേസ് പ്രതി ഓടി, ഭാര്യ സ്‌കൂട്ടറില്‍ കടത്തി

കൊല്ലം: അജു മന്‍സൂറിന് രക്ഷപെടാന്‍ ഒരു മിനിറ്റ് ധാരാളമായിരുന്നു, ഭര്‍ത്താവിനെ ഒളിവിടത്തിലേക്കു കടത്താന്‍ ഭാര്യയ്ക്ക് ഒരു സ്‌കൂട്ടറും മതിയായിരുന്നു. കൊല്ലത്താണ് പട്ടാപ്പകല്‍ ഈ സംഭവം നടക്കുന്നത്. നിരവധി ലഹരി കേസുകളില്‍ ഉള്‍പ്പെട്ടിട്ടുള്ള അജു മന്‍സൂറിനെ മുന്‍കരുതല്‍ തടങ്കലിലാക്കാന്‍ കിളികൊല്ലൂര്‍ പോലീസ് ശ്രമിക്കുന്നതിനിടെയാണ് പോലീസ് വകുപ്പിനാകെ നാണക്കേടുണ്ടാക്കുന്ന രക്ഷപെടല്‍. പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
മന്‍സൂറിനെ സ്റ്റേഷനില്‍ നിര്‍ത്തിയ ശേഷം പോലീസ് തടങ്കല്‍ നടപടികള്‍ പൂര്‍ത്തിയാക്കുന്നതിനുള്ള പേപ്പറുകള്‍ തയാറാക്കുകയായിരുന്നു. ആ സമയത്താണ് ഭാര്യ ബിന്‍ഷി സ്‌കൂട്ടറുമായി സ്റ്റേഷനു പുറത്തെത്തിയത്. ഇതു കണ്ടതും മന്‍സൂര്‍ പുറത്തേക്കു കുതിക്കുകയായിരുന്നു. പോലീസ് പിന്നാലെയെത്തിയെങ്കിലും ഫലമുണ്ടായില്ല. ഭാര്യയുടെ സ്‌കൂട്ടറിന്റെ പിന്നില്‍ കയറി മന്‍സൂര്‍ സ്ഥലം കാലിയാക്കിയിരുന്നു. ബിന്‍ഷിയും നിരവധി ലഹരി കേസുകളില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് പോലീസ് പിന്നീടു വ്യക്തമാക്കി.