ചൈന വീണ്ടും ക്വാറന്റീനിലേക്ക്, ഇക്കുറി ചിക്കുന്‍ഗുനിയ

ബെയ്ജിങ്: കോവിഡിന്റെ ഭീതി നിറഞ്ഞ ദിനങ്ങള്‍ ഓര്‍മയില്‍ നിന്നു മായുന്നതിനു മുമ്പു തന്നെ ചൈന വീണ്ടും ക്വാറന്റീന്‍ ദിനങ്ങളിലേക്ക്. ഒരാഴ്ചയില്‍ മാത്രം പതിനായിരത്തിലധികം ചിക്കുന്‍ഗുനിയ കേസുകള്‍ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതോടെയാണ് വീണ്ടും ക്വാറന്റീന്‍ ഏര്‍പ്പെടുത്താന്‍ ചൈനീസ് ഗവണ്‍മെന്റ് നിര്‍ബന്ധിതമായിരിക്കുന്നത്. ചൈനയിലെ ഫോഷാന്‍ എന്ന നഗരത്തില്‍ മാത്രം ഏഴായിരത്തിലധികം ചിക്കുന്‍ ഗുനിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. ഫോഷാന്‍ ഉള്‍പ്പെടുന്ന ഗ്വാങ്‌ഡോങ് പ്രവിശ്യയിലെ മറ്റു നഗരങ്ങളിലും രോഗവ്യാപ്തി വളരെയധികമാണ്.
കോവിഡ് പോലെ മാരകമല്ലെങ്കിലും ദൂരവ്യാപകമായ പ്രശ്‌നങ്ങളും ദ്വിതീയ പ്രശ്‌നങ്ങളുമുണ്ടാക്കുന്ന ഒരിനം ജ്വരമാണ് ചിക്കുന്‍ഗുനിയ എന്നു വൈദ്യശാസ്ത്ര വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. രോഗബാധ സ്ഥിരീകരിച്ചല്‍ പരജന സമ്പര്‍ക്കം പൂര്‍ണമായി ഒഴിവാക്കി തനിച്ചു താമസിക്കുന്ന രീതിയാണ് അധികൃതര്‍ നിര്‍ദേശിക്കുന്നത്. ആശുപത്രികളും ഈ പ്രോട്ടോക്കോള്‍ പാലിക്കണമെന്ന് നിര്‍ദേശിക്കപ്പെട്ടിരിക്കുന്നു. ചൈന സന്ദര്‍ശിക്കുന്ന അമേരിക്കക്കാര്‍ പ്രത്യേക ജാഗ്രത പുലര്‍ത്തണമെന്ന് യുഎസ് സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്‍ ജനങ്ങള്‍ക്കു മുന്നറിയിപ്പു നല്‍കി കഴിഞ്ഞു. ഇതര ലോക രാഷ്ട്രങ്ങളും ഇത്തരം പ്രഖ്യാപനങ്ങള്‍ നടത്തേണ്ടിവരുമെന്നാണ് കരുതുന്നത്.
ഡെങ്കിപ്പനിയോടാണ് ചിക്കുന്‍ഗുനിയയ്ക്ക് സാമ്യമേറെ. പനി, കടുത്ത സന്ധിവേദന, ശരീരത്തില്‍ തടിപ്പുകള്‍ എന്നിവയാണ് രോഗലക്ഷണങ്ങള്‍. പനി മാറിയ ശേഷവും സന്ധികള്‍ക്കു ബലക്ഷയവും നീരും വേദനയും ഇതിന്റെ ഫലമായി സംഭവിക്കാറുണ്ട്. ഏതാനും വര്‍ഷം മുമ്പ് കേരളത്തിലും ചിക്കുന്‍ഗുനിയ വ്യാപകമായി പടര്‍ന്നിരുന്നതാണ്. കോവിഡ് പോലെ ഇതും വൈറസ് മൂലമുണ്ടാകുന്ന പനിയാണ്.