സനാതനത്തില്‍ കുരുങ്ങി കമല്‍ഹാസനും. എതിര്‍ത്ത് ബിജെപി

ചെന്നൈ: പ്രശസ്ത തെന്നിന്ത്യന്‍ താരവും നിലവില്‍ രാജ്യസഭാംഗവുമായ കമല്‍ഹാസനെതിരേ പടയൊരുക്കവുമായി ബിജെപി തമിഴ്‌നാട് ഘടകം. കമല്‍ സനാതന ധര്‍മത്തിനെതിരേ നടത്തിയ വിവാദപ്രസംഗമാണ് എതിര്‍പ്പിന് കാരണമായി മാറിയിരിക്കുന്നത്. കമലിന്റെ സിനിമകള്‍ തീയറ്ററുകളില്‍ മാത്രമല്ല, ഓടിടിയില്‍ പോലും ആരും കാണരുതെന്ന് തമിഴ്‌നാട് ബിജെപി സെക്രട്ടറി അമര്‍ പ്രസാദ് റെഡ്ഡി ആവശ്യപ്പെട്ടു. സോഷ്യല്‍ മീഡിയയിലെ തന്റെ പോസ്റ്റിലൂടെയാണ് റെഡ്ഡിയുടെ ആഹ്വാനം.
സനാതനധര്‍മത്തെ എതിര്‍ത്ത് നിലപാടെടുത്ത ഉദയനിധി സ്റ്റാലിനെയും കമല്‍ഹാസനെയും ഒരു പാഠം പഠിപ്പിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ഞായറാഴ്ച അഗരം ഫൗണ്ടേഷന്‍ നടത്തിയ ഒരു പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുമ്പോഴാണ് കമല്‍ സനാതനധര്‍മത്തിനെതിരേ പ്രതികരിച്ചത്.
‘രാഷ്ട്രത്തെ മാറ്റാന്‍ വിദ്യാഭ്യാസത്തിനു മാത്രമേ ശക്തിയുള്ളൂ. ഏകാധിപത്യത്തിന്റെയും സനാതനത്തിന്റെയും ചങ്ങലകള്‍ തകര്‍ക്കാന്‍ കഴിയുന്ന ഒരേയൊരു ആയുധം അതാണ്.’ ഇതാണ് കമലിന്റെ വിവാദമുയര്‍ത്തിയ വാക്കുകള്‍. തമിഴ്‌നാട്ടിലെ ഡിഎംകെ സര്‍ക്കാര്‍ നിര്‍ത്തലാക്കാന്‍ ആഗ്രഹിക്കുന്ന നീറ്റ് പ്രവേശന പരീക്ഷയെക്കുറിച്ച് സംസാരിക്കവേയാണ് കമല്‍ ഇങ്ങനെയൊരു പ്രതികരണം നടത്തിയത്. സമൂഹത്തിലെ ദുര്‍ബല വിഭാഗങ്ങളില്‍ ഉള്‍പ്പെടുന്ന വിദ്യാര്‍ഥികള്‍ക്ക് ഉന്നത പ്രഫഷണല്‍ പഠനത്തിന് നീറ്റ് പരീക്ഷ വിലങ്ങുതടിയാണെന്ന വാദം സമര്‍ഥിക്കുകയായിരുന്നു അദ്ദേഹം.
കമല്‍ഹാസന്റെ പ്രസ്താവന തമിഴ്‌നാട്ടില്‍ വിരുദ്ധ വികാരങ്ങളാണ് ഇളക്കിവിട്ടിരിക്കുന്നത്. അതിനെ എതിര്‍ത്തും അനുകൂലിച്ചും ആള്‍ക്കാരും നേതാക്കളും രംഗത്തു വരുന്നുണ്ട്. രണ്ടു വര്‍ഷം മുമ്പ് ഉദയനിധി സ്റ്റാലിന്‍ സനാതനധര്‍മത്തിനെതിരേ ഉയര്‍ത്തിയ വാദത്തിന്റെ തുടര്‍ച്ചയായാണ് കമലിന്റെ പ്രസ്താവനയെ ബിജെപി കാണുന്നത്.