തൃശൂരില്‍ സ്‌കൂളിന്റെ സീലിങ് അപ്പാടെ തകര്‍ന്നു വീണു.

തൃശൂര്‍: കൊടകരയ്ക്കടുത്ത് മറ്റത്തൂരിലെ ഗവൺമെൻ്റ് എല്‍ പി സ്‌കൂളിന്റെ മേല്‍ക്കൂരയിലെ സീലിങ് ഒന്നടങ്കം ഇന്നലെ പുലര്‍ച്ചെയോടെ ഇളകി വീണു. രാത്രിയില്‍ വീണതിനാല്‍ ആര്‍ക്കും ജീവാപായമുണ്ടായില്ല. അതുപോലെ പെരുമഴയെത്തുടര്‍ന്ന് തൃശൂര്‍ ജില്ലയ്ക്ക് കളക്ടര്‍ അവധി പ്രഖ്യാപിച്ചിരുന്നതിനാല്‍ പഠനത്തിനും തടസമുമണ്ടായില്ല.
സ്‌കൂളിന്റെ ഓഡിറ്റോറിയത്തിന്റെ മേല്‍ക്കൂരയാണ് നിലംപതിച്ചത്. ഓഡിറ്റോറിയമാണെങ്കില്‍ കൂടി ഇവിടെയും പകല്‍ സമയം കുട്ടികളുടെ വിശ്രമവും സ്‌കൂള്‍ അസംബ്ലിയുമൊക്കെ ക്രമീകരിക്കുന്നതാണ്.
ഇരുമ്പ് ഗര്‍ഡറുകളില്‍ ആസ്ബസ്റ്റോസ് ഉപയോഗിച്ചാണ് മേല്‍ക്കൂര നിര്‍മിച്ചിരിക്കുന്നത്. അതിനു താഴെയായി ഫോള്‍സ് സീലിങ് എന്ന നിലയില്‍ ചട്ടക്കൂട്ടില്‍ ആണിയുറപ്പിച്ചാണ് ജിപ്‌സം ബോര്‍ഡിന്റെ സീലിങ് നിര്‍മിച്ചിരുന്നത്. മുന്‍ വിദ്യാഭ്യാസ മന്ത്രി പ്രഫ. സി. രവീന്ദ്രനാഥിന്റെ നിയോജക മണ്ഡലത്തില്‍ ഉള്‍പ്പെട്ടിരുന്ന സ്‌കൂള്‍ ഓഡിറ്റോറിയം അക്കാലത്ത് അദ്ദേഹത്തിന്റെ ആസ്തി വികസന ഫണ്ട് ഉപയോഗിച്ചു നിര്‍മിച്ചതാണ്.