ചേര്‍ത്തല: കോട്ടയം അതിരമ്പുഴ സ്വദേശിനി ജെയിനമ്മയുടെ തിരോധാനവുമായി ബന്ധപ്പെട്ട് ചേര്‍ത്തല സ്വദേശിയായ സെബാസ്റ്റ്യന്‍ കടുത്ത സംശയനിഴലില്‍ നില്‍ക്കെത്തന്നെ മറ്റു മൂന്നു സ്ത്രീ തിരോധാന കേസുകളില്‍ കൂടി സെബാസ്റ്റിയന്റെ പങ്കിനു തെളിവുകള്‍ തേടി പോലീസ്. മൂവരിലൊരാളായ ഐഷയുടെ അയല്‍വാസി റോസമ്മയെന്ന മധ്യവയസ്‌കയിലേക്കു കൂടി അന്വേഷണം നീളുന്നു. സെബാസ്റ്റിയനുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്ന റോസമ്മയുടെ വീട്ടുവളപ്പില്‍ കൂടി പോലീസ് അന്വേഷണം സജീവമാക്കി. സെബാസ്റ്റിയന്‍ തന്നോടൊരിക്കല്‍ വിവാഹാഭ്യര്‍ഥന നടത്തിയിരുന്നതായും അടുപ്പമുണ്ടായിരുന്നെന്നും നേരത്തെ വെളിപ്പെടുത്തിയയാളാണ് റോസമ്മ. നിലവില്‍ റോസമ്മയും പോലീസ് നിരീക്ഷണത്തിലാണ്.
ഇതിനിടെ സെബാസ്റ്റ്യന്റെ പുരയിടത്തില്‍ ഗ്രൗണ്ട് പെനിട്രേറ്റിങ് റഡാര്‍ ഉപയോഗിച്ചുള്ള പരിശോധന പൂര്‍ത്തിയായി. മണ്ണിനടിയില്‍ അടങ്ങിയിരിക്കുന്ന വസ്തുക്കള്‍ തിരിച്ചറിയുന്നതിനുള്ള പരിശോധനയാണിത്. തിരുവനന്തപുരത്തെ സെന്റര്‍ ഫോര്‍ എര്‍ത്ത് സയന്‍സ് സ്റ്റഡീസിലെ വിദഗ്ധരാണ് ഈ പരിശോധനയ്ക്കായി ചേര്‍ത്തലയില്‍ എത്തിയിരിക്കുന്നത്. റോസമ്മയുടെ പുരയിടത്തിലും അവിടെ അടച്ചിട്ടിരിക്കുന്ന കോഴിഫാമിലും ഇതേ പരിശോധന തന്നെ നടത്താനാണ് തീരുമാനം.
2012ലാണ് ഐഷയെ കാണാതാകുന്നത്. ഇവരെ 2016ല്‍ കണ്ടതായി റോസമ്മ പറഞ്ഞിരുന്നതാണ്. എല്ലാ ഓഗസ്റ്റ് 15നുമെന്ന പോലെ അക്കൊല്ലവും അതേ തീയതിയില്‍ പള്ളിയില്‍ പോയപ്പോഴാണ് കണ്ടതെന്നായിരുന്നു ആദ്യം പറഞ്ഞിരുന്നത്. എന്നാല്‍ തീയതികളിലെ പൊരുത്തമില്ലായ്മ ചൂണ്ടിക്കാട്ടിയപ്പോള്‍ തനിക്ക് ഓര്‍മ കുറവാണെന്നായി മറുപടി. ആധാരത്തിലെ തീയതില്‍ 2016 എന്നു കണ്ടതിന്റെ വെളിച്ചത്തിലാണത്രേ അങ്ങനെ പറഞ്ഞത്. ഐഷയോട് സെബാസ്റ്റിയന്‍ വിവാഹാഭ്യര്‍ഥന നടത്തിയിരുന്നോ, അവര്‍ തമ്മില്‍ അടുപ്പമായിരുന്നോ തുടങ്ങിയ കാര്യങ്ങളിലും അറിയില്ല എന്നു മാത്രമായിരുന്നു റോസമ്മയുടെ മറുപടി. കാണാതായ സെബാസ്റ്റ്യനും ഐഷയും തമ്മില്‍ നല്ല അടുപ്പത്തിലാണെന്നായിരുന്നു നേരത്തെ റോസമ്മ വെളിപ്പെടുത്തിയിരുന്നത്.
ഈ സാഹചര്യത്തിലാണ് സെബാസ്റ്റിന്റെ വീട്ടുവളപ്പില്‍ അസ്ഥികൂട ഭാഗങ്ങള്‍ കിട്ടിയതിന്റെ അടിസ്ഥാനത്തില്‍ റോസമ്മയിലേക്കു കൂടി അന്വേഷണം വ്യാപിപ്പിക്കുന്നത്.
എന്തായാലും ജെയ്‌നമ്മയ്ക്കു പുറമെ ചേര്‍ത്തല സ്വദേശികളായ ഐഷ, ബിന്ദു പത്മനാഭന്‍ എന്നിവരുടെ തിരോധാനത്തില്‍ കൂടി സെബാസ്റ്റിയന്റെ പങ്ക് കൂടുതലായി വെളിപ്പെടുകയാണ്. ഇവരെ ഇരുവരെയും അതിവിദഗ്ധമായും തെളിവുകളൊന്നും ശേഷിപ്പിക്കാതെയും സെബാസ്റ്റ്യന്‍ കൊല്ലപ്പെടുത്തുകയായിരുന്നു എന്നാണ് പോലീസിന്റെ ബലമായ വിശ്വാസം. എന്നാല്‍ സെബാസ്റ്റിയന്‍ പോലീസിന്റെ അന്വേഷണത്തോട് അശേഷം സഹകരിക്കാതിരിക്കുന്നതാണ് ഇപ്പോഴത്തെ വെല്ലുവിളിയെന്നറിയുന്നു.

