പഠന വീസ ഉയര്‍ത്താന്‍ ഓസ്‌ട്രേലിയ, ഇന്ത്യയ്ക്കു മെച്ചം

കാന്‍ബറ: അമേരിക്കയ്ക്ക് വിദേശ വിദ്യാര്‍ഥികളെ വേണ്ടെങ്കില്‍ ഓസ്‌ട്രേലിയയ്ക്ക് വേണം. മറുരാജ്യങ്ങളില്‍ നിന്നുള്ള കൂടുതല്‍ വിദ്യാര്‍ഥികള്‍ക്ക് പഠനത്തിന് അവസരമൊരുക്കി വിദേശ വിദ്യാര്‍ഥികളുടെ എണ്ണം 2.95 ലക്ഷമായി ഉയര്‍ത്താന്‍ ഓസ്‌ട്രേലിയ തീരുമാനിച്ചു. മുന്‍ വര്‍ഷത്തേക്കാള്‍ ഇത് ഒമ്പതു ശതമാനം അധികമാണെന്ന് ഗവണ്‍മെന്റ് വൃത്തങ്ങള്‍ വെളിപ്പെടുത്തി.
കുടിയേറ്റ നയങ്ങളില്‍ കാതലായ മാറ്റം വരുത്തിയതിനെ തുടര്‍ന്നാണ് കഴിഞ്ഞ വര്‍ഷം മുതല്‍ വിദേശ വിദ്യാര്‍ഥികളുടെ എണ്ണത്തില്‍ കുറവു വന്നത്. 2023ല്‍ ആറു ലക്ഷം വിദേശ വിദ്യാര്‍ഥികള്‍ക്ക് പഠനാവസരം നല്‍കിയിരുന്നത് കഴിഞ്ഞ വര്‍ഷം 2.7 ലക്ഷമായി കുത്തനെ കുറയ്ക്കുകയായിരുന്നു. അതില്‍ നിന്ന് ചെറിയ വര്‍ധനയാണ് ഇക്കൊല്ലം വരുത്തിയിരിക്കുന്നതെങ്കിലും നയംമാറ്റത്തിന്റെ നേരിയ സൂചനകള്‍ ഇതില്‍ അടങ്ങിയിരിക്കുന്നു എന്നാണ് പൊതുവേ കരുതപ്പെടുന്നത്.
ഇക്കുറി പഠനാവസരങ്ങള്‍ ലഭിക്കുന്നതില്‍ മുന്നിലെത്താന്‍ പോകുന്നത് ഇന്ത്യയായിരിക്കുമെന്നും കരുതുന്നവരുണ്ട്. മുന്‍ വര്‍ഷങ്ങളില്‍ ഇന്ത്യയില്‍ നിന്നെന്നതിനെക്കാള്‍ ചൈനയില്‍ നിന്നായിരുന്നു വിദ്യാര്‍ഥികളെത്തിയിരുന്നത്. എന്നാല്‍ ചൈനയുമായി തന്ത്രപരമായ അകലം പാലിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി പഠനാവസരങ്ങള്‍ മാര്‍ക്കറ്റ് ചെയ്യുന്നത് തെക്കു കിഴക്കന്‍ ഏഷ്യയിലായിരിക്കും. അതില്‍ കൂടിയ പങ്ക് ഇന്ത്യയ്ക്കു കിട്ടാന്‍ സാധ്യത ഉയരുന്നത് അങ്ങനെയാണ്.
മൊത്തം വിദ്യാര്‍ഥീവീസയില്‍ എഴുപതു ശതമാനത്തോളം യൂണിവേഴ്‌സിറ്റി പഠനത്തിനായിരിക്കും അനുവദിക്കുകയെങ്കില്‍ ശേഷിക്കുന്നവ സാങ്കേതിക പഠന മേഖലയിലായിരിക്കും കൊടുക്കുക. ഓസ്‌ട്രേലിയയുടെ സമ്പദ് വ്യവസ്ഥയില്‍ തന്നെ വളരെ വലിയൊരു സംഭാവനയാണ് വിദേശ വിദ്യാര്‍ഥികളില്‍ നിന്നു ലഭിക്കുന്നത്. 51000 ദശക്ഷം ഓസ്‌ട്രേലിയന്‍ ഡോളറിനു മുകളിലാണ് ഈയിനത്തിലുള്ള വരുമാനം.