ന്യൂഡല്‍ഹി: റഷ്യയുമായി സഹകരണത്തിന്റെ പുതിയ പാതകള്‍ കണ്ടെത്തുന്നതിന് ചര്‍ച്ചകള്‍ക്കായി ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ മോസ്‌കോയിലെത്തി. റഷ്യ-ഇന്ത്യന്‍ സഹകരണത്തിന്റെ പേരില്‍ ഇന്ത്യയ്‌ക്കെതിരേ ഉയര്‍ന്ന താരിഫ് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പ്രഖ്യാപിച്ചിരിക്കുന്ന അവസരത്തില്‍ ഈ സന്ദര്‍ശനത്തിന് ഏറിയ രാഷ്ട്രീയ പ്രാധാന്യമാണ് നിരീക്ഷകര്‍ കല്‍പിക്കുന്നത്. അജിത് ഡോവലിന്റെ യാത്രയ്ക്കു പിന്നാലെ വിദേശകാര്യ മന്ത്രി എസ്. ജയശങ്കറും ഈ മാസം തന്നെ റഷ്യ സന്ദര്‍ശിക്കുമെന്നാണറിയുന്നത്.
റഷ്യയില്‍ നിന്ന് വന്‍തോതില്‍ ഇന്ത്യ ക്രൂഡോയില്‍ വാങ്ങുന്നതാണ് ട്രംപിനെ പ്രകോപിപ്പിരിക്കുന്നത്. റഷ്യയുമായി ഇന്ത്യയ്ക്കു ആയുധവ്യാപാരവും ട്രംപിനു തീരെ രസിച്ചിട്ടില്ല. ഇതിന്റെയൊക്കെ പശ്ചാത്തലത്തിലാണ് ഇന്ത്യയില്‍ നിന്നുള്ള ഇറക്കുമതി ഉല്‍പ്പന്നങ്ങള്‍ക്ക് 25 ശതമാനം താരിഫും അതിനു പുറമെ പിഴയും ചുമത്താനുള്ള ട്രംപിന്റെ തീരുമാനം. എന്നുമാത്രമല്ല 24 മണിക്കൂറിനുള്ളില്‍ ഇന്ത്യയ്‌ക്കെതിരെ ഇതിലധികം താരിഫ് ഏര്‍പ്പെടുത്തുമെന്ന പ്രഖ്യാപനവും ഇന്നലെ വന്നു കഴിഞ്ഞു.
അതേ സമയം അമേരിക്കയുടെ തീരുമാനത്തെ കടുത്ത ഭാഷയിലല്ലെങ്കില്‍ കൂടി ഇന്ത്യ പ്രതിരോധിച്ചത് അമേരിക്കയെ ചെറതല്ലാത്ത രീതിയില്‍ ഞെട്ടിച്ചിട്ടുണ്ട്. റഷ്യയില്‍ നിന്നുള്ള ക്രൂഡോയില്‍ ഇറക്കുമതിയുടെ പേരില്‍ അമേരിക്കയും യൂറോപ്യന്‍ യൂണിയനും ഇന്ത്യയ്‌ക്കെതിരേ നീങ്ങുന്നത് നീതികേടാണെന്നായിരുന്നു ഇന്ത്യയുടെ വിമര്‍ശനം.
അമേരിക്ക പിണങ്ങിയാല്‍ ഇനിയെന്ത്, ഡോവല്‍ റഷ്യയില്‍
