പാലിയേക്കരയില്‍ നാലാഴ്ച ടോള്‍ തടഞ്ഞ് ഹൈക്കോടതി

തൃശൂര്‍: ഒടുവില്‍ ഹൈക്കോടതി ചക്രായുധം തന്നെയെടുത്തു. ദേശീയപാതയിലെ പാലിയേക്കര ടോള്‍ പ്ലാസയിലെ ചുങ്കം പിരിവ് ഹൈക്കോടതി നാലാഴ്ചത്തേക്കു തടഞ്ഞു. ഇത്രയും കാലം കൊണ്ട് ദേശീയപാത അതോറിറ്റി നിലവിലുള്ള ഗതാഗതക്കുരുക്കിന് പരിഹാരം കാണണമെന്ന അന്ത്യശാസനത്തോടെയാണ് ടോള്‍ പിരിവിനു തടയിട്ടത്. കന്യാകുമാരി-സേലം ദേശീയപാതയില്‍ ഇടപ്പള്ളി-മണ്ണുത്തി സെക്ടറിലെ അതിരൂക്ഷമായ ഗതാഗതക്കുരുക്കിനെ രൂക്ഷമായ ഭാഷയിലാണ് ഹൈക്കോടതി ഇതുവരെ വിമര്‍ശിച്ചിരുന്നത്. അതുകൊണ്ടൊന്നും ഫലമുണ്ടാകാത്ത സാഹചര്യത്തിലാണ് ടോള്‍ പിരിവ് തടയുന്നതു പോലെയുള്ള കടുത്ത നടപടികളിലേക്ക് കോടതി പ്രവേശിച്ചിരിക്കുന്നത്. ജസ്റ്റിസ് മുഹമ്മദ് മുഷ്താഖ്, ജസ്റ്റിസ് ഹരിശങ്കര്‍ വി മേനോന്‍ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചിന്റേതാണ് ഈ കടുത്ത ഉത്തരവ്.
തൃശൂര്‍ ഡിസിസി പ്രസിഡന്റ് ജോസഫ് ടാജറ്റ്, ഷാജി കോടങ്കണ്ടത്ത് എന്നിവരാണ് ഗതാഗതക്കുരുക്കിനെതിരേ ഹര്‍ജിയുമായി ഹൈക്കോടതിയെ സമീപിച്ചത്. കരാര്‍ പ്രകാരം ടോള്‍ പിരിവിനു പകരമായി ദേശീയ പാത അതോറിറ്റി ഏര്‍പ്പെടുത്തേണ്ടിയിരുന്ന സൗകര്യങ്ങള്‍ വീഴ്ച വന്നിരിക്കുന്നതില്‍ ഇടപെടണമെന്നായിരുന്നു ഇവരുടെ ഹര്‍ജിയിലെ ആവശ്യം.
എന്നാല്‍ ഏതാനും കിലോമീറ്റര്‍ ദൂരത്തില്‍ മാത്രമാണ് ഗതാഗതക്കുരുക്കുള്ളതെന്നും അതു പരിഹരിക്കാന്‍ സര്‍വീസ് റോഡിലൂടെ ഗതാഗതം തിരിച്ചു വിട്ടിരിക്കുകയാണെന്നുമായിരുന്നു ദേശീയ പാത അതോറിറ്റിയുടെ വാദം. അതോറിറ്റിക്കായി അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ എ ആര്‍ എല്‍ സുന്ദരേശനും ഗവണ്‍മെന്റിനായി സ്റ്റേറ്റ് അറ്റോര്‍ണി എന്‍ മനോജ്കുമാറും കോടതിയില്‍ ഹാജരായി.