തിരുവനന്തപുരം: എഴുപത്തൊന്നാമത് ദേശീയ ചലച്ചിത്ര അവാര്‍ഡ് നിര്‍ണയത്തിനെതിരേ വീണ്ടും വിമര്‍ശനവുമായി മികച്ച സഹനടിക്കുള്ള ദേശീയ പുരസ്‌കാരം കരസ്ഥമാക്കിയ മലയാള നടി ഉര്‍വശി രംഗത്ത്. നേരത്തെ തനിക്ക് മികച്ച സഹനടിക്കുള്ള അവാര്‍ഡ് മാത്രം നല്‍കിയതിനെ വിമര്‍ശിച്ച ഉര്‍വശി ഇക്കുറി പൃഥ്വിരാജിനെ തഴഞ്ഞതിലാണ് പ്രതികരിച്ചിരിക്കുന്നത്. ക്രിസ്റ്റോ ടോമി സംവിധാനം ചെയ്ത ഉള്ളൊഴുക്ക് എന്ന ചിത്രത്തിലെ ലീലാമ്മ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചതിനാണ് ഉര്‍വശിക്ക് സഹനടിക്കുള്ള പുരസ്‌കാരം ലഭിച്ചത്.
‘നജീബിന്റെ ജീവിതവും അദ്ദേഹത്തിന്റെ ഹൃദയഭേദകമായ സഹനവും കാണിക്കാന്‍ സമയവും പ്രയത്‌നവും നല്‍കി ശാരീരികമായ മാറ്റങ്ങളിലൂടെ കടന്നുപോയൊരു നടന്‍ നമുക്കുണ്ട്. എമ്പുരാന്‍ കാരണമാണ് ഇതെന്ന് നമുക്കെല്ലാം അറിയാം. അവാര്‍ഡുകളില്‍ രാഷ്ട്രീയം കലര്‍ത്തരുത്.’ ഉര്‍വശി ആവശ്യപ്പെട്ടു.
എനിക്ക് സംസാരിക്കാന്‍ കഴിയും. കാരണം ഞാനൊരു രാഷ്ട്രീയപാര്‍ട്ടിയെയും ആശ്രയിക്കുന്നില്ല. ഞാന്‍ നികുതി അടയ്ക്കുന്നു. എനിക്ക് ഭയമില്ല. ഞാന്‍ ഇത് ഉന്നയിക്കുന്നത് എനിക്കു വേണ്ടിയല്ല. മറിച്ച് എന്റെ പിന്നാലെ വരുന്നവര്‍ക്കു വേണ്ടിയാണ്. അവാര്‍ഡ് കിട്ടിയപ്പോള്‍ ഉര്‍വശി പോലും മിണ്ടാതെയിരുന്നു. പിന്നെ എന്തിനാണ് നിങ്ങള്‍ ബഹളം വയ്ക്കുന്നതെന്ന് ആരും പറയാതിരിക്കാന്‍ വേണ്ടിയാണ്. ഉര്‍വശി പ്രതികരിച്ചു.
ഞങ്ങള്‍ തോന്നുന്നതു ചെയ്യും. നിങ്ങള്‍ വാങ്ങി പൊയ്‌ക്കോണം എന്ന സമീപനം ശരിയല്ല. ഇങ്ങനെയാണെങ്കില്‍ അര്‍ഹിക്കുന്ന പലര്‍ക്കും കിട്ടില്ല. തരുന്നതു സന്തോഷത്തോടെ വാങ്ങി പോകാന്‍ ഇത് പെന്‍ഷന്‍ കാശല്ല. ഉര്‍വശി പറയുന്നു.
പൃഥ്വിരാജിനു വേണ്ടി ഉര്‍വശി വീണ്ടും അവാര്‍ഡിനെതിരേ

