മുന്‍ ഗവര്‍ണര്‍ സത്യപാല്‍ മാലിക് അന്തരിച്ചു

ന്യൂഡല്‍ഹി: ഗവര്‍ണര്‍ സ്ഥാനത്തേക്ക് കേന്ദ്ര ഗവണ്‍മെന്റ് നിയോഗിക്കുകയും കേന്ദ്ര ഗവണ്‍മെന്റിനു തന്നെ നിരന്തരം തലവേദനയാകുകയും ചെയ്ത് മുന്‍ ജമ്മു കശ്മീര്‍ ഗവര്‍ണര്‍ സത്യപാല്‍ മാലിക് അന്തരിച്ചു. വൃക്കരോഗ ബാധയെ തുടര്‍ന്ന് കുറേ നാളുകളായി ചികിത്സയിലായിരുന്നു അദ്ദേഹം. ഡല്‍ഹി റാം മനോഹര്‍ ലോഹ്യ ആശുപത്രിയിലായിരുന്നു മാലിക്കിന്റെ അന്ത്യം.
ഉത്തര്‍ പ്രദേശിലെ ജാട്ട് നേതാവായ സത്യപാല്‍ മാലിക് ഭാരതീയ ക്രാന്തി ദള്‍ പാര്‍ട്ടിയുടെ ടിക്കറ്റില്‍ എംഎല്‍എ ആയിക്കൊണ്ടാണ് സജീവ രാഷ്ട്രീയത്തില്‍ പ്രവേശിക്കുന്നത്. തുടര്‍ന്ന് പല പാര്‍ട്ടികളില്‍ കൂടി മാറി അവസാനം എന്‍ഡിഎയുടെ ഭാഗമാകുകയായിരുന്നു. ഒട്ടനവധി തവണ വിവാദങ്ങളുടെ കേന്ദ്ര സ്ഥാനത്ത് അദ്ദേഹമായിരുന്നു ഉണ്ടായിരുന്നത്. 2017ല്‍ ബീഹാര്‍ ഗവര്‍ണറായിക്കൊണ്ടാണ് രാജ്ഭവന്‍ വാസത്തിന്റെ തുടക്കം. തുടര്‍ന്ന് ഒഡീഷയുടെ അധികചുമതലയും ലഭിച്ചു. തൊട്ടടുത്ത വര്‍ഷം ജമ്മു കശ്മീര്‍ ഗവര്‍ണറായി സ്ഥലം മാറ്റപ്പെട്ടു. ഇദ്ദേഹത്തിന്റെ കാലത്താണ് ജമ്മു കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കപ്പെടുന്നതും പുല്‍വാമയില്‍ 40 സൈനികരുടെ ആള്‍നാശത്തിനിടയാക്കുന്ന സ്‌ഫോടനം നടക്കുന്നതും. അന്നു മുതല്‍ പല നിലപാടുകളില്‍ കൂടിയും അദ്ദേഹം കേന്ദ്ര ഗവണ്‍മെന്റുമായി വിയോജിച്ചു പോന്നു.
സൈനികരുടെ ജീവനാശത്തിനിടയാക്കിയത് കേന്ദ്ര ഗവണ്‍മെന്റിന്റെ പരാജയമാണെന്ന് അദ്ദേഹം തുറന്നടിച്ചു. രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ നടന്ന ഭാരത് ജോഡോ യാത്രയെ ഭരണപക്ഷ സഹയാത്രികനായിട്ടു കൂടി അനുമോദിക്കാന്‍ സത്യപാല്‍ മാലിക് മടിച്ചില്ല. കര്‍ഷക പ്രക്ഷോഭ കാലത്തും ഗവണ്‍മെന്റ് നിലപാടിനു വിരുദ്ധ നിലപാടായിരുന്നു ഇദ്ദേഹത്തിന്.