കൊടി സുനിയുടെ മദ്യസേവ-അന്വേഷിക്കാന്‍ ഡിജിപി

കണ്ണൂര്‍: ടി പി വധക്കേസ് പ്രതികളായ കൊടിസുനി ഉള്‍പ്പെടെയുള്ളവര്‍ തലശേരി കോടതിയില്‍ നിന്നു മടങ്ങവേ പരസ്യമായി പോലീസ് ഒത്താശയോടെ മദ്യപിച്ചുവെന്ന റിപ്പോര്‍ട്ടില്‍ പോലീസിന്റെ പ്രാഥമികാന്വേഷണത്തില്‍ വീഴ്ചയുണ്ടെന്ന് ഡിജിപി റാവാഡ ചന്ദ്രശേഖര്‍. വേണ്ടി വന്നാല്‍ തുടരന്വേഷണം നടത്തുമെന്ന് സംസ്ഥാന പോലീസ് മേധാവി വ്യക്തമാക്കി. നിലവില്‍ അകമ്പടി പോയ മൂന്നു പോലീസുകാര്‍ സസ്‌പെന്‍ഷനിലാണ്. കണ്ണൂര്‍ പോലീസ് ക്യാമ്പില്‍ നിന്നുള്ളവരാണ് ഇവര്‍ മൂവരും.
കൊടി സുനിയും കൂട്ടരും പോലീസിന്റെ ഒത്താശയോടെ മദ്യപിച്ച സംഭവത്തില്‍ കേസ് എടുക്കാനാവില്ലെന്ന നിലപാടിലായിരുന്നു ലോക്കല്‍ പോലീസ്. വളരെ ദുര്‍ബലമായ കാരണങ്ങള്‍ നിരത്തിയായിരുന്നു പോലീസിന്റെ ഇക്കാര്യത്തിലുള്ള പെരുമാറ്റം. കഴിച്ചതു മദ്യമാണോ അതോ മറ്റെന്തെങ്കിലുമാണോയെന്ന് തെളിയിക്കാനാവില്ലെന്നും സാക്ഷികളോ തെളിവുകളോ സംഭവത്തിനില്ലെന്നുമൊക്കെ പോലീസ് വാദിച്ചു പോന്നു. ഇക്കാരണങ്ങളാലാണ് കേസെടുക്കാന്‍ വിസമ്മതിച്ചതും. എന്നാല്‍ ഇങ്ങനെയൊരു കേസ് നിലവില്‍ വന്നാല്‍ സുനിയുടെയും മറ്റും തുടര്‍ പരോളുകളെ അതു ദോഷകരമായി ബാധിക്കുമെന്നതായിരുന്നു യഥാര്‍ഥ കാരണമെന്ന് ആരോപണമുയരുകയും ചെയ്തിരുന്നു.
മാഹി ഇരട്ടക്കൊലപാതകവുമായി ബന്ധപ്പെട്ട വിചാരണയ്ക്ക് തലശേരി കോടതിയില്‍ ഹാജരാക്കി മടങ്ങവേ കോടതിക്കു സമീപം ബാര്‍ ഹോട്ടലിന്റെ പാര്‍ക്കിങ് ഏരിയയില്‍ പോലീസ് സാന്നിധ്യത്തില്‍ മദ്യപിച്ചു എന്നതായിരുന്നു വിവാദ സംഭവം. ടി പി വധക്കേസിലെ പ്രതികളായ കൊടി സുനി, മുഹമ്മദ് ഷാഫി, ഷിനോജ് എന്നിവരായിരുന്നു മദ്യസേവയില്‍ പങ്കെടുത്തത്.
അതിനിടെ മദ്യപാന വിവാദത്തില്‍ കണ്ണൂര്‍ ജയില്‍ ഉപദേശക സമിതിയംഗം കൂടിയായ സിപിഎം നേതാവ് പി ജയരാജന്‍ പ്രതികളെ തള്ളിപ്പറഞ്ഞ് രംഗത്തെത്തി. കൊടിയായാലും വടിയായാലും ഇത്തരം നടപടികള്‍ അംഗീകരിക്കാന്‍ സാധിക്കില്ലെന്നാണ് ജയരാജന്റെ പ്രതികരണം.