മാര്‍ത്തോമ്മന്‍ പള്ളിയില്‍ യാക്കോബായ പ്രാര്‍ഥനയ്ക്ക് വിലക്ക്

കൊച്ചി: മലങ്കര ഓര്‍ത്തഡോക്‌സ് പള്ളിയില്‍ പ്രാര്‍ഥന നടത്താന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് മലങ്കര യാക്കോബായ വൈദികനു വേണ്ടി വിശ്വാസികളിലൊരാള്‍ സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി തള്ളി. ഓര്‍ത്തഡോക്‌സ് സുറിയാനി സഭയുടെ നിയന്ത്രണത്തിലുള്ള മുളന്തുരുത്തി മാര്‍ത്തോമ്മന്‍ പള്ളി സെമിത്തേരിയിലെ പ്രാര്‍ഥനാവശ്യമാണ് ജസ്റ്റിസ് നഗരേഷ് അധ്യക്ഷനായ ഹൈക്കോടതി ബെഞ്ച് തള്ളിക്കളഞ്ഞത്. ഹര്‍ജിക്കാരന് പള്ളിയുടെ നിയമാനുസൃത വികാരി മുമ്പാകെ ഇക്കാര്യം ഉന്നയിക്കാമെന്ന് ഹര്‍ജി തള്ളിക്കൊണ്ട് കോടതി വ്യക്തമാക്കി.
ഇരുപതു വര്‍ഷം മുമ്പ് അന്തരിച്ച തന്റെ പിതാവ് ഫാ. ഡേവിഡ് കുഴിക്കാട്ടിലിന്റെ കല്ലറയില്‍ താന്‍ ആഗ്രഹിക്കുന്ന വൈദികനെക്കൊണ്ട് പ്രാര്‍ഥന നടത്തിക്കാന്‍ അനുവദിക്കണമെന്നായിരുന്നു ഹര്‍ജിക്കാരനായ മകന്‍ പോള്‍ കെ. ഡേവിഡിന്റെ ആവശ്യം. നേരത്തെ ഇതേ ആവശ്യവുമായി ഹര്‍ജിക്കാരന്‍ എറണാകുളം കളക്ടറെ സമീപിച്ചിരുന്നതാണ്. എന്നാല്‍ വിഷയത്തില്‍ ഇടപെടാന്‍ ജില്ലാ കളക്ടര്‍ വിസമ്മതിക്കുകയാണുണ്ടായത്. ഇതേ തുടര്‍ന്നാണ് പോള്‍ ഹര്‍ജിയുമായി ഹൈക്കോടതിയിലെത്തിയത്.