ഡെറാഡൂണ്‍: ഉത്തരാഖണ്ഡില്‍ ഒരു ഗ്രാമത്തെയൊന്നാകെ വിഴുങ്ങി മേഘവിസ്ഫോടനത്തെ തുടര്‍ന്നുള്ള മിന്നല്‍ പ്രളയവും ഉരുള്‍പൊട്ടലും. ചൊവ്വാഴ്ച ഉച്ചയോടെയാണ് നൂറു കണക്കിനു മേല്‍വിലാസങ്ങളെ തന്നെയില്ലാതാക്കി ഒരു ഗ്രാമത്തിലെ വീടുകളെയൊന്നാകെ കല്ലും മണ്ണും വെള്ളവും വന്നു മൂടിയത്. എത്ര വീടുകള്‍ ഒലിച്ചു പോയെന്നോ എത്ര പേരെ കാണാതായെന്നോ ഇനിയും വ്യക്തമായിട്ടില്ല. വീടുകള്‍ക്കു പുറമെ ഹോം സ്റ്റേകളും ടൂറിസ്റ്റ് സങ്കേതങ്ങളും ഒന്നടങ്കം നശിച്ചതിനാല്‍ ആളപായത്തിന്റെ കണക്കുകള്‍ ശേഖരിക്കുക ബുദ്ധിമുട്ടാകും.
ഇപ്പോഴും ഉത്താരഖണ്ഡില്‍ മഴ അതിശക്തമായി തുടരുകയാണ്. ഖീര്‍ ഗംഗാ മേഖലയിലാണ് ഉരുളിന്റെ പ്രഭവസ്ഥാനമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. മിന്നല്‍ പ്രളയമാണ് ഉരുളിന്റെ പ്രധാന കാരണമെന്നു വ്യക്തം. ഖിര്‍ഗഢിലെ ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് ആദ്യം വെള്ളം ഇരച്ചു കയറിയത് ധരാളി മാര്‍ക്കറ്റ് പ്രദേശത്തേക്കാണ്. അവിടെ നിന്നാണ് മറ്റു സ്ഥലങ്ങളിലേക്ക് വെള്ളവും ചെളിയും കല്ലുമെല്ലാം എത്തിയത്.
ഹര്‍ഷിലിലെ കരസേനയുടെ ക്യാമ്പിലേക്ക് ധരാളി ഗ്രാമത്തില്‍ നിന്നു നാലു കിലോമീറ്ററോളം ദൂരമേയുള്ളൂ. അതിനാല്‍ സൈനികര്‍ക്കും അവരുടെ ജീവന് രക്ഷാ ഉപകരണങ്ങള്‍ക്കും അതിവേഗം സംഭവ സ്ഥലത്തേക്ക് കുതിച്ചെത്താനായി. ഇവരുടെ ഇടപെടല്‍ മൂലം അനേകരെ രക്ഷിക്കാനായതായി പറയപ്പെടുന്നു. സംഭവത്തിന്റെതായി ടൂറിസ്റ്റുകള്‍ പകര്‍ത്തിയ വീഡിയോകളും ചിത്രങ്ങളുമാണ് ഇപ്പോഴുള്ളത്. ദുരന്തത്തിന്റെ ഭീകരത വ്യക്തമാക്കുന്നതാണ് അവയെല്ലാം. ജനങ്ങള്‍ നിലവിളിക്കുന്നതിന്റെ ശബ്ദം വെള്ളത്തിന്റെ ഇരമ്പലിനെക്കാള്‍ മുകളില്‍ കേള്‍ക്കാം.
സംഭവം അതീവ ദുഖകരമാണെന്ന് ഹിമാചല്‍ പ്രദേശ് മുഖ്യമന്ത്രി പുഷ്കര്‍ സിങ് ധാമി പ്രതികരിച്ചു. ഉന്നത ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ രക്ഷാ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.
ഹിമാചലില്‍ മിന്നല്‍ പ്രളയം, ഒരു ഗ്രാമത്തെയാകെ വിഴുങ്ങി
