ബിസിനസ്, ടൂറിസ്റ്റ് വീസയ്‌ക്കൊപ്പം ബോണ്ട് വാങ്ങാന്‍ അമേരിക്ക

വാഷിംഗ്ടണ്‍: ഇനി രണ്ടാഴ്ച കൂടി കഴിഞ്ഞാല്‍ അമേരിക്കയിലേക്കുള്ള ബിസിനസ്, ടൂറിസ്റ്റ് യാത്രകള്‍ പുതിയ നടപടിക്രമങ്ങള്‍ക്കനുസരിച്ചാകുമെന്നു മാത്രമല്ല ചെലവേറിയതുമാകും. ടൂറിസ്റ്റ് വീസയിലോ ബിസിനസ് വീസയിലോ അമേരിക്കയിലേക്കു പ്രവേശിക്കുന്നവര്‍ 15000 ഡോളര്‍ വരെയുള്ള തുകയ്ക്ക് ബോണ്ട് നല്‍കേണ്ടി വരുമെന്നതാണ് പ്രധാനമായി വരുന്ന മാറ്റം. എന്നു മാത്രമല്ല, പ്രത്യേകെ നിശ്ചയിച്ചിരിക്കുന്ന വിമാനത്താവളങ്ങളില്‍ കൂടി മാത്രമായിരിക്കും രാജ്യത്തേക്കു പ്രവേശിക്കാനും തിരികെ പോകാനും സാധിക്കുകയുമുള്ളൂ.
ഓവര്‍ സ്‌റ്റേ അഥവാ വീസ കാലാവധി കഴിഞ്ഞാലും അമേരിക്കയില്‍ തന്നെ സന്ദര്‍ശകര്‍ തങ്ങുന്നത് കുറയ്ക്കാന്‍ വേണ്ടിയാണ് മാറ്റങ്ങള്‍ കൊണ്ടുവരുന്നതെന്ന് യുഎസ് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. അനധികൃതമായി രാജ്യത്തു തങ്ങുന്നവരുടെ എണ്ണം അഥവാ ഹൈ വീസ ഓവര്‍ സ്‌റ്റേയുള്ള രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്കാണ് ഏറ്റവും കൂടിയ തുകയുടെ ബോണ്ട് എടുക്കേണ്ടി വരിക. എന്നാല്‍ ഏതൊക്കെ രാജ്യങ്ങളാണ് ഈ പട്ടികയില്‍ വരുന്നതെന്ന് ഇതുവരെ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കിയിട്ടില്ല. ഓഗസ്റ്റ് 20 മുതല്‍ പന്ത്രണ്ടു മാസത്തേക്കായിരിക്കും ഈ നയം പ്രാബല്യത്തിലുണ്ടാകുക. ബിസിനസ് വീസ (ബി1), ടൂറിസ്റ്റ് വീസ (ബി 2) എന്നിവയെയാണ് ഈ നിയന്ത്രണത്തിലൂടെ വരുതിയിലാക്കാന്‍ അമേരിക്കന്‍ ഗവണ്‍മെന്റ് ശ്രമിക്കുന്നത്.
ബോണ്ടി വാങ്ങേണ്ട ഉത്തരവാദിത്വം അതത് കോണ്‍സുലര്‍ ഓഫീസുകള്‍ക്കായിരിക്കും. അയ്യായിരം ഡോളറാണ് ഏറ്റവും കുറഞ്ഞ ബോണ്ട് തുക. ഏറ്റവും കൂടിയത് 15000 ഡോളറും. സാധാരണ ഗതിയില്‍ വീസ കാലാവധിക്കുള്ളില്‍ തന്നെ മടങ്ങിപ്പോകുന്നവര്‍ക്ക് ഈ തുക തിരികെ ലഭിക്കും. എന്നാല്‍ അനധികൃതമായി തങ്ങുന്നവരുടെ പണം ഗവണ്‍മെന്റ് കണ്ടുകെട്ടും.