നവീന്‍ബാബു കേസ് വീണ്ടും അന്വേഷിക്കണമെന്നു മഞ്ജു

കണ്ണൂര്‍: തൂങ്ങിമരിച്ച നിലയില്‍ കാണപ്പെട്ട കണ്ണൂര്‍ മുന്‍ എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ പ്രത്യേക അന്വേഷണ ഏജന്‍സിയുടെ അന്വേഷണം തൃപ്തികരമല്ലാത്തതിനാല്‍ പുനരന്വേഷണം ആവശ്യപ്പെട്ട് ഭാര്യ മഞ്ജുഷ കണ്ണൂര്‍് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് കോടതിയില്‍ ഹര്‍ജി നല്‍കി. അഡ്വ. ജോണ്‍ എസ് റാഫ് മുഖേന നല്‍കിയ ഹര്‍ജിയില്‍ എസ്‌ഐടി അന്വേഷണത്തിലെ പതിമൂന്നു വീഴ്ചകള്‍ അക്കമിട്ടു നിരത്തിയിട്ടുണ്ട്.
കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റായിരുന്ന പി പി ദിവ്യ ഏകപ്രതിയായ കേസ് മറ്റു പ്രതികളുണ്ടാകാമെന്ന സൂചന പോലും അന്വേഷണത്തില്‍ ഉള്‍പ്പെടുത്തിയില്ലെന്നും സിപിഎം നേതാവെന്ന നിലയില്‍ അന്വേഷണത്തെ വഴിതിരിച്ചു വിടാന്‍ ഏക പ്രതിക്കു സാധിച്ചുവെന്നും ഹര്‍ജിയില്‍ ആരോപിക്കുന്നു. നവീന്‍ ബാബു കൈക്കൂലി വാങ്ങിയെന്ന മുന്‍നിഗമനത്തോടെയാണ് അന്വേഷണ ഏജന്‍സി പെരുമാറിയതെന്നു ഹര്‍ജിയില്‍ ആരോപിക്കുന്നു.
പെട്രോള്‍ പമ്പ് തുടങ്ങാന്‍ അപേക്ഷിച്ച പ്രശാന്തന്റെ ആരോപണത്തില്‍ തെളിവില്ലെന്ന് പോലീസ് റിപ്പോര്‍ട്ടില്‍ പ്രത്യേകം പറയുന്നുണ്ട്. ഇതേ നിഗമനത്തില്‍ തന്നെ വകുപ്പുതല അന്വേഷണം നടത്തിയ ലാന്‍ഡ് റവന്യൂ ജോയിന്റ് കമ്മീഷണര്‍ എ ഗീതയും എത്തിച്ചേര്‍ന്നത്. എന്നു മാത്രമല്ല, സാധാരണ നടപടി ക്രമങ്ങളുടെ താമസമല്ലാതെ പ്രശാന്തന്റെ അപേക്ഷയില്‍ നവീന്‍ ബാബു കാലവിളംബം വരുത്തിയിട്ടില്ലെന്നും കണ്ടെത്തിയിട്ടുണ്ട്. വ്യക്തിപരമായ അടുപ്പമില്ലാത്ത കളക്ടര്‍ക്കു മുന്നില്‍ തന്റെ തെറ്റ് ഏറ്റുപറഞ്ഞ് നവീന്‍ ബാബു മനസുതുറന്നു എന്നതും യുക്തിക്കു നിരക്കുന്നതല്ല. ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു.
പെട്രോള്‍ പമ്പിന് അപേക്ഷ നല്‍കിയ പ്രശാന്തനും പ്രതി ദിവ്യയും തമ്മിലുള്ള ബന്ധം അന്വേഷണത്തിന്റെ ഭാഗമായി മാറിയില്ല. ഇരുപതു ലക്ഷത്തോളം രൂപ നിക്ഷേപമുണ്ടായിരിക്കെ കൈക്കൂലി നല്‍കാനായി സ്വര്‍ണം പണയം വച്ചുവെന്ന പ്രശാന്തന്റെ മൊഴിയും സംശയിക്കത്തക്കതാണ്. ഹര്‍ജിയില്‍ ആരോപിക്കുന്നു.