മൊഹാലി: പ്രണയത്തെ പടിക്കു പുറത്താക്കി പ്രമേയം പാസാക്കിയിരിക്കുകയാണ് പഞ്ചാബിലെ മൊഹാലി ജില്ലയിലെ മനക്പൂര്‍ ഗ്രാമം. പ്രണയിക്കുന്നവരെയും പ്രണയിച്ചു വിവാഹം കഴിക്കാന്‍ തീരുമാനിക്കുന്നവരെയും ഗ്രാമത്തില്‍ നിന്നു പുറത്താക്കാനാണ് തീരുമാനം. ജൂലൈ 31നു പഞ്ചായത്ത് ഇങ്ങനെയൊരു തീരുമാനമെടുത്ത വിവരം ഇപ്പോഴാണ് പുറത്തു വരുന്നത്. ഇക്കൂട്ടര്‍ ഗ്രാമത്തിലെന്നല്ല, ഗ്രാമത്തിന്റെ പരിസരത്തു പോലും താമസിക്കരുതെന്നും അങ്ങനെയെങ്ങാനും ചെയ്യുന്നവര്‍ക്കെതിരേ ശിക്ഷാ നടപടികള്‍ കൈക്കൊള്ളുമെന്നും പഞ്ചായത്ത് പറയുന്നു.
പഞ്ചാബിലെ ഉള്‍പ്രദേശത്തൊന്നുമല്ല മനക്പൂര്‍ ഗ്രാമം. സംസ്ഥാന തലസ്ഥാനമായ ചണ്ഡീഗഡില്‍ നിന്നു വെറും പത്തു കിലോമീറ്റര്‍ മാത്രമാണ് ഈ ഗ്രാമത്തിലേക്കുള്ളത്. അടുത്തയിടെ ഗ്രാമത്തിലെ ഒരു യുവാവ് സ്വന്തം സഹോദര പുത്രിയെ പ്രണയിച്ചു വിവാഹം കഴിച്ചതോടെയാണ് പ്രണയമെന്ന പരിപാടിയെ തന്നെ പടിക്കു പുറത്താക്കാന്‍ ഗ്രാമം തീരുമാനിക്കുന്നത്. പഞ്ചായത്തിന്റെ തീരുമാനം ഏകകണ്ഠവുമായിരുന്നു. ഇങ്ങനെ വിവാഹിതനായ ദേവീന്ദറിന് 26 വയസും അദ്ദേഹത്തിന്റെ വധു ബേബിക്ക് 24 വയസുമായിരുന്നു പ്രായം. അതായത് ഇരുവര്‍ക്കും വിവാഹപ്രായം തന്നെ. രണ്ടുപേരുടെയും ആദ്യവിവാഹവുമായിരുന്നു ഇത്.
ഞങ്ങളാരും പ്രണയത്തിനോ പ്രണയ വിവാഹത്തിനോ എതിരല്ല. പക്ഷേ, ഈ ഗ്രാമത്തില്‍ അതു നടപ്പില്ലെന്നു മാത്രം. പഞ്ചായത്തുമായി ബന്ധപ്പെട്ട അധികൃതര്‍ പറയുന്നു. പ്രണയത്തെക്കാള്‍ വലുതാണ് ഞങ്ങളുടെ ഗ്രാമത്തിലെ പാരമ്പര്യവും മൂല്യങ്ങളും. അതുകൊണ്ടാണ് ഇങ്ങനെയൊരു തീരുമാനമെടുത്തിരിക്കുന്നത്. അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മനക്പൂർ ഗ്രാമം – പ്രണയമിവിടെ പടിക്ക് പുറത്ത്

